Kerala
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാളുമായി മുങ്ങിയ വിദ്യാര്‍ഥിനിയെ കണ്ടെത്തി; പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പോലീസ് തിരുവനന്തപുരത്ത് കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയും പത്തൊമ്പതുകാരനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പോലീസ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തേക്ക് കെ എസ് ആര്‍ ടി സി ബസില്‍ പോയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ എടുക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. പിന്നീട് സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും യുവാവും തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. ആദ്യം യുവാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പാലാ ഡി വൈ എസ് പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ് ഐ. തോമസ് സേവ്യര്‍, അനില്‍കുമാര്‍, ഏലിയാമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരാണ് അന്വേഷണം നടത്തിയത്.