Connect with us

Featured

നാന്നൂറ് മണിക്കൂര്‍ നീണ്ട നെഞ്ചിടിപ്പ്; ഒടുവില്‍ പുതുജന്മത്തിന്റെ നിര്‍വൃതി

രക്ഷാപ്രവര്‍ത്തകരുടെ ഇച്ഛാശക്തിയും തുരങ്കത്തിനകത്തു പെട്ടവര്‍ പുലര്‍ത്തിയ ശുഭാപ്തിവിശ്വാസവും ചേര്‍ന്നപ്പോള്‍ മഹാദൗത്യം വിജയത്തിലെത്തി.

ന്യൂഡല്‍ഹി | ആശങ്കയുടെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ 17 ദിവസങ്ങള്‍. നാന്നൂറോളം മണിക്കൂറുകള്‍. തുരങ്കത്തിനകത്ത് 41 ജീവിതങ്ങള്‍. ഇനി പുറംലോകം കാണാനാകുമോ, ആകുമെങ്കില്‍ എപ്പോള്‍…അനിശ്ചിതാവസ്ഥ ഇരുണ്ടുവിങ്ങി നിന്ന അന്തരീക്ഷം. കുടുംബത്തെ കുറിച്ചോര്‍ത്തുള്ള അവരുടെ വേദനയും അങ്കലാപ്പും.

പുറത്താണെങ്കില്‍ മനുഷ്യാധ്വാനവും യന്ത്രങ്ങളുമുപയോഗിച്ച് നടത്തിയ തീവ്രമായ രക്ഷാദൗത്യം. ഇടക്കിടെയുണ്ടായ പ്രതിസന്ധികള്‍, പ്രതിബന്ധങ്ങള്‍. തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരികെയണയുമെന്ന ഉറപ്പില്ലാതെ മനസ്സുരുകി പ്രാര്‍ഥനയില്‍ മുഴുകിയ ബന്ധുക്കള്‍.

അവര്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ഒരേ മനസ്സോടെ പ്രാര്‍ഥനയിലായിരുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തണേ, ജീവിതവൃത്തിക്കിടെ നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തില്‍ അകപ്പെട്ട ആ തൊഴിലാളികള്‍ക്ക് ജീവിതത്തിലേക്ക് തിരികെയെത്താനാകണേ…ഒടുവില്‍ അനിശ്ചിതത്വത്താല്‍ മരവിച്ച മണിക്കൂറുകള്‍ കടന്ന് അവര്‍ പുറത്തെത്തിയപ്പോള്‍ അന്തരീക്ഷത്തില്‍ അലയടിച്ച ആശ്വാസത്തിന്റെയും ആഹ്‌ളാദത്തിന്റെയും ആര്‍പ്പുവിളികള്‍.

നവംബര്‍ 12ന്റെ ദീപാവലി ദിനത്തില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉത്തരാഖണ്ഡിലെ ബ്രഹ്മകമല്‍-യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്ന് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിപ്പോയത്. പുറത്തെത്താന്‍ ഒരു മാര്‍ഗവും കാണാതെ അവര്‍ പരിഭ്രാന്തിയിലേക്ക് പതിച്ചു. പിന്നീട് കടുത്ത പിരിമുറുക്കങ്ങള്‍ക്ക് അന്ത്യം കുറിച്ച് മോചനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഓരോരുത്തരായി പ്രവേശിക്കുകയായിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പാറക്കല്ലുകളും മണ്ണും വീണടിഞ്ഞ അവസ്ഥയിലായിരുന്നു തുരങ്കത്തിന്റെ ഉള്‍ഭാഗം. ഇതിനുള്ളിലാണ് 17 ദിവസങ്ങള്‍ 41 തൊഴിലാളികള്‍ക്ക് കഴിയേണ്ടി വന്നത്. തുടര്‍ന്ന് രാജ്യം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശ്രമകരമായ രക്ഷാദൗത്യത്തിന് ആരംഭം കുറിച്ചു. റാറ്റ് ഹോള്‍ മൈനിംഗ് വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് പ്രക്രിയയിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പാത വെട്ടിയുണ്ടാക്കുകയായിരുന്നു. യന്ത്രം ഉപയോഗിച്ചും കുഴല്‍പാതക്കകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങള്‍ ഉപയോഗിച്ചും തുരന്നാണ് അകത്ത് പെട്ടവരിലേക്ക് എത്താനായത്. കടുപ്പമേറിയ പാറയിലും കല്ലുകളിലും തട്ടി ഡ്രില്ലിംഗ് മെഷീനിന്റെ ബ്ലേഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടക്കിടെ പ്രതിബന്ധമുണ്ടാക്കി. ഇതോടെ, ആശങ്ക കൂടുതല്‍ കൂടുതല്‍ പെരുത്തുവന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തകരുടെ ഇച്ഛാശക്തിയും തുരങ്കത്തിനകത്തു പെട്ടവര്‍ പുലര്‍ത്തിയ ശുഭാപ്തിവിശ്വാസവും ചേര്‍ന്നപ്പോള്‍ മഹാദൗത്യം വിജയത്തിലെത്തി.

വിടര്‍ന്ന ചിരിയുമായാണ് 41 പേരും പുറത്തേക്കു വന്നത്. ഓക്‌സിജനും ഭക്ഷണവും വെള്ളവും ആത്മധൈര്യവും എല്ലാം നല്‍കി തങ്ങളുടെ ജീവനെ ചേര്‍ത്തുപിടിച്ച അധികൃതരുടെയും രക്ഷാപ്രവര്‍ത്തകരുടെയും കരുതലിനോടുള്ള ഹൃദയം നിറഞ്ഞ കൃതാര്‍ഥതയായിരുന്നു ആ ചിരികളില്‍ നിറഞ്ഞു നിന്നത്.

 

Latest