Eranakulam
വയറ്റിലാക്കി കൊണ്ടുവന്നത് നാല് കിലോ കൊക്കൈൻ; എടുത്തിട്ടും എടുത്തിട്ടും തീരുന്നില്ല
താൻ സാനിയൻ സ്വദേശികളായ ഒമാരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രെഹലം എന്നിവരാണ് വയറ്റിൽ കൊക്കൈൻ ഗുളികകളുമായി പിടിയിലായത്.
പ്രതീകാത്മക ചിത്രം
നെടുമ്പാശ്ശേരി | കഴിഞ്ഞ 16ന് എത്യോപ്യയിൽ നിന്ന് ദോഹ വഴി കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ രണ്ട് ആഫ്രിക്കൻ സ്വദേശികളെ പരിശോധനയ്ക്കായി പിടികൂടിയ ഡിആർഐ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. രണ്ടുപേരുടെയും വയറ്റിൽ നൂറിലധികം ഗുളികകൾ. എക്സ് റേയിൽ ഗുളികകൾ തെളിഞ്ഞു കണ്ടു. ചോദ്യം ചെയ്തപ്പോൾ കൊക്കൈനാണെന്ന് ഇരുവരും സമ്മതിച്ചു.
താൻ സാനിയൻ സ്വദേശികളായ ഒമാരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രെഹലം എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിൽ രണ്ടുപേരെയും ഡിആർഐ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് എക്സ്-റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഗുളിക രൂപത്തിൽ ആക്കി വിഴുങ്ങിയതായി കണ്ടെത്തിയത്. ഇരുവരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചത്തെ ശ്രമഫലമായി ജോങ്കോയുടെ വയറ്റിൽ നിന്ന് കൊക്കയിൻ പൂർണമായും പുറത്തെടുത്തു. രണ്ട് കിലോയോളം കൊക്കെയിനാണ് ഇയാളുടെ വയറ്റിൽ നിന്ന് എടുത്തത്. ഇതിന് 20 കോടിയോളം രൂപ വില വരും. വെറോണിക്ക ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ വയറ്റിലും ഏകദേശം രണ്ട് കിലോയോളം മയക്കുമരുന്നുണ്ടെന്നാണ് കരുതുന്നത്.
നാളെയോടെ ഇത് പൂർണമായും പുറത്തെടുക്കാൻ ആകും എന്നാണ് കരുതുന്നത്. വയറ്റിൽ ആക്കി കൊണ്ടുവരുന്ന കൊക്കെയിൻ ഗുളിക വയറ്റിൽ വെച്ച് പൊട്ടിയാൽ മരണം ഉറപ്പാണ്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ കിട്ടുന്ന വൻ പ്രതിഫലം ഓർത്താണ് കള്ളക്കടത്തുകാർ അപകടം പിടിച്ച ജോലി ഏറ്റെടുക്കുന്നത്.