narcotic case
സമീര്‍ വാങ്കഡെക്കെതിരെ അന്വേഷണത്തിന് മുംബൈ പോലീസിന്റെ നാലംഗ സംഘം
അഴിമതി, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷിക്കുക
മുംബൈ | ആര്യന്‍ ഖാനേയു മറ്റും അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പോലീസ് നാലംഗ സംഘത്തെ നിയമിച്ചു. അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഭീഷണിപ്പെടുത്തി പണം തട്ടല്‍, അഴിമതി ആരോപണങ്ങളാണ് വാങ്കഡെക്കിതെര ഉയര്‍ന്നുവന്നത്.
ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ്ക്കെതിരെ നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍ സി ബി അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍ സി ബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാങ്കഡക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.