mullaperiyar dam
മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍കൂടി തുറന്നു
രാത്രി ഷട്ടര്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് പരിഗണിച്ചില്ല
ഇടുക്കി | മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം ഷട്ടര്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് നാല് ഷട്ടറുകള്‍കൂടി തുറന്നു. ഇന്നലലെ ഉര്‍ത്തിയ രണ്ട് ഷട്ടര്‍ അടക്കം ഇപ്പോള്‍ ആറ് ഷട്ടര്‍ വഴിയാണ് വെള്ളം കേരളത്തിലേക്ക് ഒഴുക്കിവിടുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഷട്ടര്‍ തുറന്നതിലൂടെ ഏതാനും വീടുകളില്‍ വെള്ളം കയറിയിരുന്നു. പുതിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി.
ജലനിരപ്പ് 142 അടിക്കു മുകളില്‍ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടര്‍ന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. രാത്രികാലത്ത് ഷട്ടര്‍ തുറന്നാല്‍ കേരളത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ പരിമിതികള്‍ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.