National
തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു; ദുരന്തം വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കൗണ്ടറിനു മുമ്പില്‍
മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഹൈദരാബാദ് | ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്താണ് ഇന്ന് രാത്രിയോടെ ദുരന്തമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിനു മുമ്പിലായിരുന്നു അപകടം. കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് ദുരന്തത്തിനിടയാക്കിയത്. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. നാളെ രാവിലെ മുതലാണ് കൂപ്പണ്‍ വിതരണമെങ്കിലും ഇന്ന് രാത്രി തന്നെ കൗണ്ടറിനു മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു.
പോലീസ് സംവിധാനം കാര്യക്ഷമമായിരുന്നില്ല. ആള്‍ക്കൂട്ടത്തെ തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിഫലമായി. സ്ഥലത്തെ സാഹചര്യം നിയന്ത്രണ വിധേയമായിട്ടില്ല. മറ്റന്നാളാണ് വൈകുണ്ഠ ഏകാദശി.