Connect with us

Kerala

നവദമ്പതികളടക്കം നാല് പേരുടെ മരണം; അപകട കാരണം കാര്‍ ഡ്രൈവറുടെ അശ്രദ്ധയെന്ന് എഫ് ഐ ആര്‍

അലക്ഷ്യമായും അശ്രദ്ധയോടെയുമാണ് കാര്‍ വന്നത് എന്ന് പോലീസ് എഫ് ഐ ആറില്‍ പറയുന്നു.

Published

|

Last Updated

പത്തനംതിട്ട |  നവദമ്പതികള്‍ അടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ മുറിഞ്ഞകല്‍ അപകടത്തിന് കാരണം കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പോലിസ്. അലക്ഷ്യമായും അശ്രദ്ധയോടെയുമാണ് കാര്‍ വന്നത് എന്ന് പോലീസ് എഫ് ഐ ആറില്‍ പറയുന്നു. കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും സതീഷ് പറയുന്നു. ബസ്സില്‍ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരാണ്. ഇവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയാണ്. ബസിന്റെ മുന്‍ വശം നിശേഷം തകര്‍ന്നു.

പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ അപകടം പതിവാണ്. നവീകരിച്ചതിന് ശേഷം പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ അപകടം പതിവാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണവും ആവശ്യമായ സൂചനാബോര്‍ഡുകളുടെ ദൗര്‍ലഭ്യവും അപകടങ്ങളുടെ വര്‍ധനവിന് കാരണമാവുന്നുണ്ട്. റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി പറഞ്ഞു.അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗം തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ സാന്നിധ്യത്തില്‍ റോഡ് സുരക്ഷാ യോഗവും നടക്കും.

 

Latest