National
കീടനാശിനി കലര്‍ന്ന ചായ കുടിച്ച് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു
നന്ദന്റെ ഭാര്യയാണ് എല്ലാവര്‍ക്കുമായി ചായ തയാറാക്കിയത്
ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ വിഷം കലര്‍ത്തിയ ചായ കുടിച്ച് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ആഗ്ര ഡിവിഷനിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. ചായയില്‍ കീടനാശിനി കലര്‍ന്നതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം നടന്ന നഗ്ല കന്‍ഹായ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കീടനാശിനി പൊടിയുടെ പാക്കറ്റും പോലീസ് കണ്ടെടുത്തു.
നഗ്ല കന്‍ഹായിലെ ശിവ് നന്ദിന്റെ വീട്ടിലാണ് മരണങ്ങള്‍ നടന്നത്. നന്ദന്റെ ഭാര്യയാണ് എല്ലാവര്‍ക്കുമായി ചായ തയാറാക്കിയത്. ചായ കുടിച്ച് അല്‍പ്പം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നന്ദന്റെ മക്കളായ ദിവ്യാന്‍ഷും ശിവങ്ങും ബോധരഹിതരായി. നന്ദനും സഹോദരന്‍ ശോഭനും വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായി.ഇതേത്തുടര്‍ന്ന് എല്ലാവരേയും ഉടന്‍ തന്നെ മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രവീന്ദ്ര സിങ്, ശിവംഗ്, ദിവ്യാന്‍ഷ് എന്നിവര്‍ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെ സൈഫായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചായയില്‍ കീടനാശിന് കലര്‍ന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.