Connect with us

Kerala

നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലുപേര്‍ പിടിയില്‍

പിടിച്ചെടുത്തത് 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍.

Published

|

Last Updated

തിരുവല്ല | 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലുപേര്‍ പിടിയില്‍. തിരുവല്ല മുത്തൂര്‍ രാമഞ്ചിറ സഫീദ മന്‍സിലില്‍ സഫീന്‍ സേട്ട് (40), പത്തനംതിട്ട മെഴുവേലി തുമ്പമണ്‍ നോര്‍ത്ത് പടിഞ്ഞാറ്റിന്‍കര വീട്ടില്‍ പ്രദീഷ് (30), മുളക്കുഴ അരീക്കര ലക്ഷംവീട് കോളനിയില്‍ വലിയ കാലായില്‍ വീട്ടില്‍ ഹരീഷ് (32), മെഴുവേലി ആറണക്കോട് കിഴക്കകം പുത്തന്‍ വീട്ടില്‍ സഞ്ജു (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ട് ആറോടെ തിരുവല്ല രാമന്‍ചിറയിലെ മുക്കാട്ട് വീട്ടില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ വിദ്യാധരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. വീടിനകത്തും കാര്‍ പോര്‍ച്ചിലുമായി സൂക്ഷിച്ചിരുന്ന 30 ചാക്കോളം പുകയില ഉത്പന്നങ്ങളും ഇവ വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്തിരുന്ന സംഘമാണ് പിടിയിലായതെന്ന് തിരുവല്ല ഡി വെ സ് പി. എസ് അഷാദ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും. പിടിയിലായ നാലുപേരും മുമ്പും നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ കേസില്‍ പ്രതികള്‍ ആണെന്നും പോലീസ് വെളിപ്പെടുത്തി.

തിരുവല്ല ഡി വൈ എസ് പി. എസ് അഷാദ്, സി ഐ. ബി കെ സുനില്‍ കൃഷ്ണന്‍, എസ് ഐ. അനീഷ് ഏബ്രഹാം, ഡാന്‍സാഫ് എസ് ഐ. അനൂപ്, എ എസ് ഐമാരായ അജികുമാര്‍, സി പി ഒമാരായ മിഥുന്‍ ജോസ്, ബിനു, അഖില്‍, പ്രസാദ്, കെ എം അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

Latest