Kerala
തിക്കോടിയിൽ നാല് വയനാട് സ്വദേശികൾ മുങ്ങി മരിച്ചു
അപകടത്തിൽപ്പെട്ടത് കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തി കടലിൽ കുളിക്കാനിറങ്ങിയവർ
പയ്യോളി | തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തി കടലിൽ കുളിക്കാനിറങ്ങിയ നാല് വയനാട് സ്വദേശികൾ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വാണി (39), അനീഷ (38), ബിനീഷ് (45), ഫൈസൽ (42) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. വൈകീട്ട് നാലോടെയായിരുന്നു അപകടം.
വയനാട് കല്പറ്റ ബോഡി ഷേപ്പ് ജിമ്മിൽ നിന്നും 25 അംഗ സംഘമാണ് അകലാപ്പുഴയിലേക്കും കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലിക്കേമായി വിനോദ യാത്രക്ക് എത്തിയത്. ഇവരിൽ അഞ്ചു പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ, തിരയിൽ പെട്ടവരിൽ ജിൻസി രക്ഷപ്പെട്ടു. മറ്റുള്ള നാലു പേരെ കാണാതായി. നാട്ടുകാരായ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിക്കുകയും മൂന്നു പേരെ കണ്ടെത്തുകയും ചെയ്തു.
ഇവരെ പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കൊയിലാണ്ടി ഗവ. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. തുടർന്ന്, ഒരു മണിക്കൂറോളം താമസിച്ചാണ് നാലാമത്തെയാളായ ഫൈസലിൻ്റെ മൃതദേഹം കണ്ടെത്തിയത്.നാല് മൃതദേഹങ്ങളും കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട ജിൻസി (27) കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. എസ് എച്ച് ഒ എ കെ സജീഷിൻ്റെ നേതൃത്വത്തിൽ പയ്യോളി പോലീസും കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.