Kerala
നാലു വര്‍ഷ ബിരുദം; നിലവിലെ മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്താന്‍ തീരുമാനം
ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വേതന വ്യവസ്ഥകളും തസ്തികകളും നിലിര്‍ത്താനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
തിരുവനന്തപുരം | ജുലൈ ഒന്ന് മുതല്‍ നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വേതന വ്യവസ്ഥകളും തസ്തികകളും നിലിര്‍ത്താനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മേജര്‍, മൈനര്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവമായി’ സംസ്ഥാനത്തെ ക്യാമ്പസുകള്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലര്‍ത്തുന്ന കേരളത്തിലെ നാലുവര്‍ഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കമെന്ന് മന്ത്രി പറഞ്ഞു
പുതുതായി തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.