Connect with us

Kerala

സ്‌കൂളില്‍ നിന്ന് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം; പരാതിയുമായി രക്ഷിതാക്കള്‍

ചോക്ലേറ്റ് കഴിച്ച മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകന്‍ അബോധാവസ്ഥയിലാവുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Published

|

Last Updated

കോട്ടയം | സ്‌കൂളില്‍ നിന്ന് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി. ചോക്ലേറ്റ് കഴിച്ച മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകന്‍ അബോധാവസ്ഥയിലാവുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ലഹരി പദാര്‍ഥത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു.

കോട്ടയം വടവാതുര്‍ സെവന്‍ത്ത്‌ഡേ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലീസിനും കലക്ടര്‍ക്കും പരാതി നല്‍കി. മണര്‍കാട് എസ് എച്ച് ഒ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 17 നാണ് കുട്ടി ചോക്ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായത്. ആദ്യം വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ അധികൃതരെ കാര്യം അറിയിച്ചതോടെയാണ് ചോക്ലേറ്റ് കഴിച്ചതില്‍ നിന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണെന്ന സംശയമുയര്‍ന്നത്. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന ബെന്‍സോഡായാസിപെന്‍സ് മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിനു ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും മാതാവ് പറഞ്ഞു. ഇതിനുശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോക്ലേറ്റ് പരിശോധനയ്ക്കയക്കുകയും ചെയ്തു. പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നു.

ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന ബെന്‍സോഡായാസിപെന്‍സ് ലഹരിക്കായും ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടിക്ക് ലഭിച്ച ചോക്ലേറ്റില്‍ എങ്ങനെ മരുന്നിന്റെ അംശം എത്തിയതെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതേയുള്ളൂവെന്ന് കുടുംബം പറഞ്ഞു.

 

Latest