Kerala
കോന്നിയില്‍ നാലു വയസ്സുകാരന്‍ മരിച്ച സംഭവം; വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍
സംഭവത്തില്‍ കര്‍ശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.

പത്തനംതിട്ട| പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാലു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. കാലപ്പഴക്കമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥലത്ത് നിലനിര്‍ത്തിയത് അപകട കാരണമായി ചൂണ്ടിക്കാട്ടുന്നു. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ നടപ്പാതയോട് ചേര്‍ന്ന് നിലനിര്‍ത്തി. ഇത് കുട്ടി ചുറ്റിപിടിച്ചപ്പോള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി. മരിച്ച കുട്ടിയുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് കടമ്പനാടുള്ള വീട്ടുവളപ്പില്‍ നടക്കും.
കുട്ടിയുടെ നെറ്റിയുടെ മുകളിലേറ്റ പരുക്കും തലയില്‍ ആഴത്തിലേറ്റ മുറിവും മരണത്തിന് കാരണമായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുവയസ്സുകാരന്റെ മരണത്തില്‍ റാന്നി ഡി എഫ് ഒ ഇന്ന് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനംമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാന്നി ഡി എഫ് ഒയോട് റിപ്പോര്‍ട്ട് തേടിയത്.
കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അപകട സാധ്യത ഉണ്ടായിട്ടും ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ആനക്കൂട് കാണാനെത്തിയ അജി – ശാരി ദമ്പതികളുടെ ഏകമകന്‍ അഭിറാം കോണ്‍ക്രീറ്റ് തൂണ് ഇളകി ദേഹത്തു വീണുണ്ടായ അപകടത്തില്‍ മരിച്ചത്. തൂണിന് സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ് ഇളകി പതിക്കുകയായിരുന്നു. കുട്ടിയെ വനംവകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് കുടുംബം ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു.