Connect with us

Kerala

സ്‌കൂളില്‍ നിന്ന് നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി; പോലീസ് അന്വേഷണം ആരംഭിച്ചു

ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു

Published

|

Last Updated

കോട്ടയം | സ്‌കൂളില്‍ നിന്ന് നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി പദാര്‍ഥം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം വടവാതുര്‍ സെവന്‍ത്ത്‌ഡേ സ്‌കൂളിലാണ് സംഭവമുണ്ടായത്.
ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയില്‍ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇന്നലെ കുട്ടിയുടെ അമ്മ കോട്ടയം എസ് പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
മണര്‍കാട് എസ് എച്ച് ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പരിശോധനയില്‍ ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തിയിരുന്നു.  കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞു.

ഇതാണ് കുട്ടി കഴിച്ചത് എന്നു പറഞ്ഞ് ചോക്ലലേറ്റ് കവര്‍ വാട്‌സാപ്പില്‍ അമ്മക്ക് അയച്ച സ്‌കൂള്‍ അധികൃതര്‍ പരിശോധനക്ക് ആവശ്യപ്പെട്ടപ്പോള്‍ കവര്‍ സൂക്ഷിച്ചു വച്ചില്ലെന്നാണ് പറഞ്ഞത്. സ്‌കൂളില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍.