Kerala
നാല് വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു.
കോഴിക്കോട് |കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്കെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിക്ക് ആശുപത്രി അധികൃതര്‍ നാവില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈയ്ക്കാണ് ശസത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സ് പ്രതികരിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം വ്യക്തമാക്കി.ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതെന്നും, ഇനി ഒരു കുട്ടിക്കും മെഡിക്കല്‍ കോളജില്‍ ഈ ഗതി വരരുതെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.