National
യുപിയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍
കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലക്‌നോ| ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14കാരന്‍ അറസ്റ്റില്‍. യുപിയിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആടിനെ മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ കുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു. പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു.
വഴിയില്‍വെച്ച് ഗ്രാമത്തിലുള്ള 14 കാരന്‍ കുട്ടിയെ വയലിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ഉപദ്രവിക്കുകയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. രക്തത്തില്‍ കുളിച്ച് അവശയായ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി സംഭവം അമ്മയോട് പറഞ്ഞു. പിന്നീട് കുട്ടിയെ ഉടന്‍തന്നെ ഗൗരിബസാറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു.
കുട്ടിയുടെ നില ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടി ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ്മ പറഞ്ഞു.