Connect with us

Malappuram

നാലു വര്‍ഷ ബിരുദ പഠനം: മികച്ച അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാറിന് സാധിക്കണം-എസ് എസ് എഫ്

പുതിയ മാറ്റത്തിന്റെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗം പതിയെ സ്വകാര്യ വല്‍കരണത്തിലേക്കും കോര്‍പ്പറേറ്റ് വല്‍കരണത്തിലേക്കും വഴുതിമാറുന്നതിനെ കരുതിയിരിക്കണം

Published

|

Last Updated

മലപ്പുറം  | ഉന്നതമായ അക്കാദമിക നിലവാരവും ഗവേഷണ തല്പരതയും വഴി വിദ്യാഭ്യാസത്തെ കൂടുതല്‍ ഉത്പാദനക്ഷമമാക്കുന്നതിന് വഴി ഒരുക്കുന്നുണ്ട് എന്നതാണ് പുതിയ രീതിയുടെ ഗുണമായി പറയുന്നത്. എന്നാല്‍ ഇതിന് അനുസൃതമായ അക്കാദമിക അന്തരീക്ഷം കൂടെ രൂപപ്പെടേണ്ടതുണ്ടെന്നും, സ്ഥാപന, അധ്യാപക തലങ്ങളില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും എസ് എസ് എഫ് സംവാദസദസ്സ് അഭിപ്രായപ്പെട്ടു. അല്ലാതെയുള്ള കേവല പരിഷ്‌കരണങ്ങള്‍ വിദ്യാര്‍ഥികളുടെ സമയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.

കേരളത്തില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന ബിരുദ പഠനത്തിലെ പുതിയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംശയങ്ങള്‍ നിവാരണം നടത്തുന്നതിനുമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ സംവാദസദസ്സ് ശ്രദ്ധേയമായി. ഇതുവരെ മൂന്ന് വര്‍ഷം പഠന കാലയളവായി ഉണ്ടായിരുന്ന ബിരുദപഠനം ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ കാലയളവിലേക്ക് മാറുകയാണ്. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നാലുവര്‍ഷ ബിരുദം നേരത്തെ തന്നെ നിലവിലുള്ള വിദേശ സര്‍വകലാശാലകളിലെ പഠനരീതികളും ചര്‍ച്ചക്ക് വിധേയമായി.

അതേസമയം പുതിയ മാറ്റത്തിന്റെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗം പതിയെ സ്വകാര്യ വല്‍കരണത്തിലേക്കും കോര്‍പ്പറേറ്റ് വല്‍കരണത്തിലേക്കും വഴുതിമാറുന്നതിനെ കരുതിയിരിക്കണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ ആവുന്നതായി ഉന്നതവിദ്യാഭ്യാസ രംഗം തുടരേണ്ടതുണ്ട്. നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയുടെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ട പല ആശയങ്ങളിലും കോര്‍പ്പറേറ്റ് വല്‍കരണം എന്ന അജണ്ട ഒളിഞ്ഞിരിപ്പുണ്ട് എന്നതിനാലാണ് ഇത്തരം ആശങ്കകള്‍ ഉയരുന്നത്. എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സിദ്ദീഖ് അലി, ബാസിം നൂറാനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, ജില്ലാ സെക്രട്ടറിമാരായ മന്‍സൂര്‍ പുത്തന്‍പള്ളി, അതീഖ് റഹ്മാന്‍ ഊരകം സംസാരിച്ചു. സി കെ സാലിം സഖാഫി വെന്നിയൂര്‍ ,ജാസിര്‍ വേങ്ങര സംബന്ധിച്ചു

 

Latest