Ongoing News
നാലാം ടെസ്റ്റ് സമനില; പരമ്പര സ്വന്തമാക്കി ഇന്ത്യ
കോലി കളിയിലെ താരം. അശ്വിൻ പരമ്പരയുടെ താരം.

അഹ്മദാബാദ് | ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അവസനാ മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യരണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. മൂന്നാം മത്സരം ജയിച്ച് പരമ്പരയിലേക്ക് തിരിച്ചുവന്ന ഓസ്‌ട്രേലിയക്ക് അവസാന മത്സരത്തിലെ ജയം അനിവാര്യമായിരുന്നു.
എന്നാല്‍, അഹ്മദാബാദ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ വിക്കറ്റ് വീഴ്ച്ച നന്നേ കുറവായതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് ദിവസങ്ങളിലായി 22 വിക്കറ്റ് മാത്രമാണ് വീണത്. 1,226 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് സെഞ്ച്വറികളും വിരിഞ്ഞു.
സ്‌കോര്‍: ഓസ്‌ട്രേലിയ: 480, 175/2. ഇന്ത്യ: 571.
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചറിയുമായി മിന്നുന്ന പ്രകടനം നടത്തിയ വീരാട് കോലിയാണ് കളിയിലെ താരം. രവിചന്ദ്ര അശ്വിനാണ് പരമ്പരയുടെ താരം.
ഓസ്‌ട്രേലിയയുടെ അവസാന ഇന്നിംഗ്‌സില്‍ 90 റണ്‍സെടുത്ത് പുറത്തായ ട്രാവിസ് ഹെഡ് ഉയര്‍ന്ന സ്‌കോറുകാരന്‍ ആയി. 63 റണ്‍സ് നേടിയ മാര്‍നസ് ലബുസെയ്‌നും 10 റണ്‍സുമായിനായകന്‍ സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു.
ഇതിനിടെ, ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ജയിച്ചതോടെ തന്നെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലഭിച്ചു. ആസ്ത്രേലിയ തന്നെയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ചാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്.