Connect with us

From the print

പിണറായി സര്‍ക്കാറിന് നാലാം വര്‍ഷം

സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും മറികടന്നാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | തുടര്‍ഭരണത്തിലൂടെ ചരിത്രമെഴുതിയ രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധിയും വിവാദങ്ങളും മറികടന്നാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ആഘോഷ പരിപാടികളോ പ്രോഗ്രസ്സ് റിപോര്‍ട്ടോ ഇല്ലാതെ നിശബ്ദമായാണ് ഇത്തവണ വാര്‍ഷികം.

മൂന്നാം വര്‍ഷത്തില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടായി. മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിമാര്‍ മാറി. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിഞ്ഞ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആഭ്യന്തരം, ആരോഗ്യം, ഗതാഗത വകുപ്പുകള്‍ എതിര്‍പ്പുകളുടെ നടുവിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഗുണ്ടകള്‍ വര്‍ധിച്ചെന്ന ആഭ്യന്തര റിപോര്‍ട്ടും ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചതുമാണ് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയത്. തുടര്‍ച്ചയായി വരുന്ന ചികിത്സാ പിഴവും മരുന്ന് ക്ഷാമവും ആരോഗ്യ വകുപ്പിന് തിരിച്ചടിയാകുന്നു. ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരം താത്്കാലികമായി അവസാനിപ്പാക്കാനായ ആശ്വാസത്തിലാണ് ഗതാഗത വകുപ്പ്. 17 ദിവസമാണ് സമരം മൂലം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയത്. വകുപ്പുകളുടെ പ്രവര്‍ത്തന മികവ് പോരെന്ന സി പി എം വിമര്‍ശവും ഈ കാലയളവില്‍ സര്‍ക്കാര്‍ നേരിട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മൂന്നാം വര്‍ഷത്തില്‍ സര്‍ക്കാറിനെ പ്രധാനമായും പ്രതിരോധത്തിലാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയതും അനുകൂല വിധി നേടിയെടുത്തതും സര്‍ക്കാറിന് നേട്ടമായി. കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും മാസം തോറും നല്‍കി വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. കുറഞ്ഞ ദിവസങ്ങള്‍ മാത്രമെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യവുമുണ്ടായി.

മാസപ്പടി ഉള്‍പ്പടെയുള്ള വിവാദങ്ങളും സര്‍ക്കാറിനെതിരെയുണ്ടായി. മുഖ്യമന്ത്രിയെ ഉന്നംവെച്ചാണ് പ്രതിപക്ഷം ആരോപണങ്ങളുന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി ശക്തമായി പിന്തുണച്ചതോടെ സര്‍ക്കാറും മുഖ്യമന്ത്രിയും ആരോപണങ്ങളെ നേരിട്ടു. അതിനിടെ, കരിമണല്‍ ഖനനത്തിന് സി എം ആര്‍ എല്ലിന് അനുമതി നല്‍കിയത് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച അഴിമതി ആരോപണം വിജിലന്‍സ് കോടതി തള്ളിയത് സര്‍ക്കാറിന് ആശ്വാസമായി. കൊച്ചി വാട്ടര്‍മെട്രോ, ദേശീയപാതാ വികസനം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നേട്ടമായി മുന്നോട്ട് വെക്കുന്നത്.

 

Latest