Kerala
ഫാ. അജി പുതിയാപറമ്പിൽ ചോദിക്കുന്നു; അവർ ക്രിസ്ത്യാനികളെ തേടിവരുമ്പോൾ മുസ്‌ലിംകൾ ഇങ്ങനെ പെരുമാറിയാൽ എങ്ങനെയുണ്ടാകും?
കെ സി ബി സിയുടേത് രാഷ്ട്രീയ, സാമുദായിക വിഭജന ഫോർമുല

കോഴിക്കോട് | വഖ്ഫ് ബില്ലിനെ പിന്തുണച്ച ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി ഫാ. അജി പുതിയാപറമ്പിൽ. ഭരണഘടനാ വിരുദ്ധമായതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വകുപ്പുകളുള്ള വഖ്ഫ് ബില്ലിനെ പിന്തുണച്ചതിലൂടെ അപകടകരമായ ഒരു രാഷ്ട്രീയ, സാമുദായിക വിഭജന ഫോർമുലയാണ് കെ സി ബി സി പാർലിമെന്റ് അംഗങ്ങളുടെ മുന്നിൽ വെച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ തലയിലുദിച്ച അവിവേകമാണിത്. ഒരു ദേശീയ പാർട്ടിക്ക് പ്രാദേശിക വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കാൻ പറ്റുമോ? കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശം ആഗോള കത്തോലിക്കാ സഭ അതുപോലെ കണക്കിലെടുക്കണം എന്നുണ്ടോ? ഇവിടുത്തെ പ്രാദേശിക പാർട്ടികൾ പോലും മെത്രാൻ സമിതിയുടെ അഭ്യർഥന നിരസിച്ചെന്നും ഫാ. അജി പുതിയാപറമ്പിൽ ചൂണ്ടിക്കാട്ടി.
വഖ്ഫ് ഭേദഗതി ബില്ല് ഒരു ക്രിസ്ത്യൻ മുസ്‌ലിം പ്രശ്‌നമായി കേരളത്തിൽ അവതരിപ്പിക്കുന്നതിലും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിലും കെ സി ബി സിയും ഭാഗമായി.
ഇത്തരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിന് പിന്നിൽ മുനമ്പം പ്രശ്‌നം പരിഹരിക്കുക മാത്രമായിരുന്നോ ലക്ഷ്യം? വഖ്ഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാൻ കേരളത്തിലെ എം പിമാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായി. അതീവ സെൻസിറ്റീവായ വഖ്ഫ് വിഷയത്തിൽ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നത്? കേരള കത്തോലിക്കാ മെത്രാൻ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.
വഖ്ഫ് ബില്ലിന്റെ സ്ഥാനത്ത് ചർച്ച് ബില്ല് ആയിരുന്നെങ്കിൽ മെത്രാൻ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്‌ലിം നേതൃത്വം പെരുമാറിയാൽ ക്രിസ്ത്യൻ സമൂഹത്തിന് എന്താണ് തോന്നുക? ആ ബില്ലിൽ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയിൽ അക്രൈസ്തവരായ രണ്ട് പേർ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്‌ലിം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാൽ അവരോട് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന് സൗഹൃദം തോന്നുമോ? വഖ്ഫ് ബോർഡുമായി കേസുകൾ നടത്തുന്നത് ക്രിസ്ത്യാനികൾ മാത്രമാണോ? ഇന്ത്യയിൽ വഖ്ഫ് ബോർഡിനെതിരെ നാൽപതിനായിരത്തിലധികം കേസുകളുണ്ട് (40,951). അതിൽ പതിനായിരത്തോളം കേസുകൾ (9,942) മുസ്‌ലിം കമ്മ്യൂണിറ്റിയിൽ നിന്നാണ്. കേരളത്തിലും വിവിധ മതങ്ങളിലും പാർട്ടികളിലും പെട്ടവർ വഖ്ഫ് ബോർഡുമായി കേസ് നടത്തുന്നുണ്ട്. മുനമ്പത്തും ഉണ്ട് വിവിധ മതങ്ങളിലുള്ളവർ. നിലവിലെ വഖ്ഫ് നിയമത്തിൽ ചില ഭേദഗതികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അവരൊക്കെ. ഇതൊന്നും അറിയാതെയും പഠിക്കാതെയുമാണോ മെത്രാൻ സമിതി ഈ വിഷയത്തിൽ ഇടപെട്ടത്?
വഖ്ഫ് ബില്ല് പാസ്സാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട് എന്നത് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും അറിയുന്ന കാര്യമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോർമുലയുമായി കെ സി ബി സി മുന്നോട്ട് വന്നത്? അതറിയാൻ ഓരോ കത്തോലിക്കാ വിശ്വാസിയും താത്പര്യപ്പെടുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. .