Connect with us

indian judiciary

മുറിവേല്‍ക്കുന്ന ജനാധിപത്യ സങ്കല്‍പ്പങ്ങള്‍

2004ല്‍ മുംബൈയില്‍ ചേര്‍ന്ന വേള്‍ഡ് സോഷ്യല്‍ ഫോറമാണ് സായിബാബയെ ശ്രദ്ധാകേന്ദ്രമാക്കിയത്. നൂറിലധികം രാജ്യങ്ങളിലെ എന്‍ ജി ഒകളും ആയിരക്കണക്കിന് പ്രതിനിധികളും പങ്കെടുത്ത സമ്മേളനം സാമ്രാജ്യത്വ, കോര്‍പറേറ്റ്, വിഭജന നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ മുന്നോട്ടുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസിനെതിരെ ലിനക്‌സ് സോഫ്റ്റ്്വെയറും കൊക്കകോളക്കെതിരെ കരിന്പ് ജ്യൂസും ഉയര്‍ത്തിക്കാട്ടി സമാപിച്ച യോഗത്തിന് ഒരുപാട് അനുരണനങ്ങളുണ്ടായി.

Published

|

Last Updated

മാവോവാദി ബന്ധമാരോപിച്ച് 2017ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അഞ്ച് പ്രതികള്‍ക്കിടയില്‍ നിന്ന് വലിയ രാജ്യാന്തര ശ്രദ്ധയും ചര്‍ച്ചയും പ്രൊഫ. ജി എന്‍ സായിബാബക്ക് എപ്പോഴും കിട്ടിപ്പോന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗമായ യു എന്‍ ഒ എച്ച് സി എച്ച് ആര്‍ സായി ബാബയെ അടിയന്തരമായി വിട്ടയക്കണമെന്ന് 2020 ആഗസ്റ്റ് 30ന് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റില്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യവും ജാമ്യനിരാസവും മാതാവിനെ അവസാനമായി കാണാനുള്ള അനുമതി നിഷേധവും നിരാഹാര സമരങ്ങളുമായി വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്ന പ്രൊഫ. സായിബാബ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ഉന്നത കോടതികളുടെ വ്യത്യസ്ത നിരീക്ഷണങ്ങളിലൂടെ കടന്നുപോയി. ഉദ്വേഗവും നാടകീയതയും ഇപ്പോഴും അവസാനിക്കുന്നില്ല. വിചാരണ ക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം യു എ പി എ ചുമത്തിയത് ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജി എന്‍ സായിബാബ, മഹേഷ് തിര്‍ക്കി, പ്രൊഫ. ഹേം മിശ്ര, പ്രശാന്ത് സാംഗ്ലികര്‍, വിജയ് തിര്‍ക്കി എന്നിവരെ വെറുതെ വിട്ടത്. പ്രതികളിലൊരാളായ പാണ്ഡു നരോട്ടെ ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ അവധി ദിവസം വകവെക്കാതെ അടിയന്തര വാദം കേട്ട സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി. സാങ്കേതികതയല്ല, കേസിന്റെ മെറിറ്റാണ് പ്രധാനമെന്നാണ് സുപ്രീം കോടതി, ഹൈക്കോടതിയെ തിരുത്തിയത്.

ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ അമലാപുരത്ത് ജനിച്ച ജി എന്‍ സായിബാബ പോളിയോ ബാധമൂലം ബാല്യകാലം മുതല്‍ 90 ശതമാനം ഭിന്നശേഷി പേറുന്നയാളാണ്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ രാംലാല്‍ ആനന്ദ് കോളജ് അധ്യാപകനായിരുന്ന അദ്ദേഹം ദളിത്, കോര്‍പറേറ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ബുദ്ധികേന്ദ്രവും ആശയ പ്രചാരകനുമായിരുന്നു. 2004ല്‍ മുംബൈയില്‍ ചേര്‍ന്ന വേള്‍ഡ് സോഷ്യല്‍ ഫോറമാണ് സായിബാബയെ ശ്രദ്ധാകേന്ദ്രമാക്കിയത്. നൂറിലധികം രാജ്യങ്ങളിലെ എന്‍ ജി ഒകളും ആയിരക്കണക്കിന് പ്രതിനിധികളും പങ്കെടുത്ത സമ്മേളനം സാമ്രാജ്യത്വ, കോര്‍പറേറ്റ്, വിഭജന നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ മുന്നോട്ടുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസിനെതിരെ ലിനക്‌സ് സോഫ്റ്റ്്വെയറും കൊക്കകോളക്കെതിരെ കരിന്പ് ജ്യൂസും ഉയര്‍ത്തിക്കാട്ടി സമാപിച്ച യോഗത്തിന് ഒരുപാട് അനുരണനങ്ങളുണ്ടായി. കേരള മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനുള്‍പ്പെടെ പില്‍ക്കാലത്ത് ലിനക്‌സിന്റെ പ്രചാരകരായിരുന്നു.

ഇന്റർനാഷനല്‍ ലീഗ് ഓഫ് പീപ്പിള്‍ സ്ട്രഗിള്‍ (ഐ എല്‍ പി എസ്), റവല്യൂഷനറി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍ ഡി എഫ്) തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാന സംഘാടകനായിരുന്ന സായിബാബ അധികം വൈകാതെ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായി മാറി. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പട്ടാള നിയമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പഠന വിഷയമാക്കി ക്യാമ്പയിന്‍ എഗൈന്‍സ്റ്റ് ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് വലിയ വിവാദങ്ങളുണ്ടാക്കി. ആര്‍ ഡി എഫിനെ 2012 ഏപ്രിലില്‍ ആന്ധ്രാ സര്‍ക്കാര്‍ നിരോധിച്ചു. 2014 മെയില്‍ സായിബാബ അറസ്റ്റിലായി. 2015 ജൂലൈയില്‍ ലഭിച്ച ജാമ്യം ഡിസംബറില്‍ റദ്ദായി. 2016 ഏപ്രിലില്‍ സുപ്രീം കോടതി വീണ്ടും ജാമ്യമനുവദിച്ചു. 2017 ഏപ്രിലില്‍ യു എ പി എ 13,18,20,38,39 വകുപ്പുകളും, ഐ പി സി 120 വകുപ്പും പ്രകാരമാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. ആര്‍ ഡി എഫ്, കമ്മ്യൂണിസ്റ്റ് മാവോവാദി ബന്ധങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധുക്കളും സഹപ്രവര്‍ത്തകരും നടത്തുന്ന നിയമ പോരാട്ടങ്ങളും ജയിലിലെ അനിശ്ചിതകാല നിരാഹാരവും വഴി സായിബാബ കേസ് നിരവധി തവണ ജനശ്രദ്ധ പിടിച്ചുപറ്റി. ഹൈക്കോടതി – സുപ്രീം കോടതി വിധിന്യായങ്ങള്‍ അതിന്റെ അവസാന പതിപ്പാണ്. 2021 ഏപ്രിലില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

തിരഞ്ഞെടുപ്പുകളും ജയാപചയങ്ങളും ജനഹിതവും കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പുതിയ കാലത്ത് ജനാധിപത്യം വലിയ കൈയേറ്റത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ അജന്‍ഡകള്‍ക്കും ഇംഗിതത്തിനുമെതിരായ ചെറിയ നീക്കങ്ങള്‍ പോലും ഭരണകൂടങ്ങള്‍ വലിയ ശത്രുതയോടെയാണ് കാണുന്നത്. പോലീസ് എല്ലാ കാലത്തും ഭരണകൂട ഉപകരണങ്ങളെങ്കിലും ജുഡീഷ്യറി വലിയ അവലംബങ്ങളായിരുന്നു. എന്നാല്‍ എല്ലാറ്റിനും മുകളില്‍ പറക്കുന്ന കോര്‍പറേറ്റ് പരുന്തുകള്‍ക്ക് അപ്രാപ്യമായത് ഒന്നുമില്ലെന്നത് യാഥാര്‍ഥ്യമാണ്. ദളിത്- ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുകയും തരാതരം പോലെ മാവോവാദി – തീവ്രവാദി മുദ്രചാര്‍ത്തി പുറത്തിറങ്ങാത്തവിധം ജയിലില്‍ തളയ്ക്കുകയും ചെയ്യുന്നുണ്ട്. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ഇത്തരം ചിത്രീകരണങ്ങള്‍ ഇന്ന് പതിവു കാഴ്ചയായിട്ടുണ്ട്. പൗരത്വ സമരത്തിനു നേരെ തോക്കെടുത്ത് വെടിയുതിര്‍ത്തയാള്‍ നിരുപദ്രവകാരിയും സമരം ചെയ്തവര്‍ രാജ്യവിരുദ്ധരുമാകുന്നത് എത്രമാത്രം വിരോധാഭാസമാണ്. മാവോവാദവും തീവ്ര-ഭീകര വാദങ്ങളും രാജ്യം ഒന്നടങ്കം അണിനിരന്ന് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടവയാണ്. അതിന്റെ മെറിറ്റില്‍ രാഷ്ട്രീയം കലരുന്നത് രാജ്യതാത്പര്യത്തിനു നിരക്കുന്നതല്ല.

ദളിത്, പരിസ്ഥിതി, കര്‍ഷക സമര മുന്നേറ്റങ്ങള്‍ എല്ലാ കാലത്തും നിലവിലെ കേന്ദ്ര ഭരണ രാഷ്ട്രീയത്തിന് വലിയ അസഹിഷ്ണുതയാണ് നല്‍കിയിട്ടുള്ളത്. ജാട്ടും ഗുജ്ജാറും മീണയുമൊക്കെ നടത്തുന്ന സാമുദായിക പ്രക്ഷോഭങ്ങള്‍ നിയമം കൈയിലെടുക്കുമ്പോള്‍ അങ്ങേയറ്റം സഹിഷ്ണുത പാലിക്കുന്ന സര്‍ക്കാര്‍ പക്ഷേ, ദളിതുകള്‍ക്ക് ആ സൗജന്യം നല്‍കാന്‍ തയ്യാറല്ല. മഹാരാഷ്ട്രയില്‍ നിന്ന് തന്നെയുള്ള ഭീമ കൊറേഗാവ് സമരം അതിന്റെ വലിയ ഉദാഹരണമാണ്. ജി എന്‍ സായി ബാബ കേസുമായി നിരവധി സാമ്യങ്ങള്‍ പുലര്‍ത്തുന്ന സമാന നടപടികളാണ് ഭീമ കൊറേഗാവ് വിഷയത്തിനുമുള്ളത്.

ഭീമ കൊറേഗാവ് വിജയസ്തൂപം സ്ഥാപിതമായി നൂറ് വര്‍ഷം പൂര്‍ത്തിയായ 1917 ജനുവരി ഒന്നിന് അംബേദ്കര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജാതിക്കോമരങ്ങള്‍ക്കെതിരെ അയിത്തക്കാരായ മെഹറുകള്‍ നേടിയ വിജയസ്മാരകമായി സ്തൂപത്തെ അന്ന് വിശേഷിപ്പിക്കപ്പെട്ടു. മറാത്ത പേഷ്വമാരും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മില്‍ 1816ല്‍ നടന്ന പ്രസിദ്ധമായ മറാഠ യുദ്ധത്തില്‍ തൊട്ടുകൂടാത്തവരായ മെഹര്‍ ജാതിക്കാരെ പേഷ്വമാര്‍ പങ്കെടുപ്പിച്ചില്ലെന്ന് പറയപ്പെടുന്നു. പേഷ്വമാര്‍ ബ്രാഹ്‌മണരും കര്‍ശന ചാതുര്‍വര്‍ണ്യം പുലര്‍ത്തിപ്പോന്നവരുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പോരാടിയ മെഹറുകള്‍ അവരുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. രക്തസാക്ഷികളായ മെഹറുകള്‍ക്ക് വേണ്ടി ബ്രിട്ടന്‍ ഭീമ കൊറേഗാവില്‍ പണിത വിജയസ്തൂപം അനാഛാദം ചെയ്തത് 1817 ജനുവരി ഒന്നിനായിരുന്നു. അതിന്റെ നൂറാം വാര്‍ഷികത്തിലാണ് ഡോ. അംബേദ്കര്‍ സംബന്ധിച്ചത്.
ഭീമ കോറേഗാവ് സ്തൂപത്തിന്റെ ഇരുനൂറാം വാര്‍ഷിക പരിപാടികള്‍ 2017 ഡിസംബര്‍ 31ന് വിപുലമായ ആഘോഷത്തോടെ എല്‍ഗര്‍ പരിഷത്ത് എന്ന പേരില്‍ സംഘടിപ്പിച്ചിരുന്നു. ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന ദളിത് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും സമ്മേളനത്തില്‍ പങ്കെടുത്തു. അങ്ങിങ്ങ് തുടങ്ങിയ ചെറിയ സംഘര്‍ഷങ്ങള്‍ പടർന്നു പിടിച്ചു. കലാപസമാനമായ അന്തരീക്ഷം പോലീസ് അടിച്ചമര്‍ത്തി. എന്‍ ഐ എ കേസ് ഏറ്റെടുത്തു. എല്‍ഗര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രസംഗിച്ച മുഴുവന്‍ ആക്ടിവിസ്റ്റുകളും യു എ പി എ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീര്‍ ധാവല്ലെ, റോണവില്‍സണ്‍, ഷോമ സെന്‍, മഹേഷ് റാവത്ത്, വരവരറാവു, സുധ ഭരദ്വാജ്, അരുണ്‍ഫെറോറ, വെര്‍ണര്‍ ഗോണ്‍സാല്‍വസ്, ആനന്ദ്, ഗൗതംനവലേഖ, ഫാദര്‍ സ്റ്റാന്‍ സ്വാമി, ഹാനി ബാബു, സാഗര്‍ ഖോര്‍ഗെ, രമേശ് ഗെയ്ചര്‍, ജ്യോത്ജഗതവ് എന്നിവര്‍ അതില്‍ പെടും. സ്റ്റാന്‍ സ്വാമി ഇതിനിടെ മരണപ്പെട്ടു. തീവ്ര വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയിലെ ദളിത് സ്വത്വരാഷ്ട്രീയത്തെ പരിഗണിക്കുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളായി ജി എന്‍ സായിബാബ കേസും ഭീമ കൊറേഗാവും എടുക്കാവുന്നതാണ്.

അധികാരത്തിന്റെ ലഹരിയില്‍ ചിലര്‍ തങ്ങളുടെ പൂര്‍വകാലവും സമര പാരമ്പര്യങ്ങളും സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇന്ദിരാ ഗാന്ധിക്കും അടിയന്തരാവസ്ഥക്കുമെതിരെ സമരം നടത്തുമ്പോള്‍ സംഘ്പരിവാറിന്റെ ഏറ്റവും വലിയ മുദ്രാവാക്യം ഭരണകൂട അസഹിഷ്ണുതക്കും ജനാധിപത്യ അവകാശ നിഷേധത്തിനുമെതിരെയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരില്‍ എന്ന ന്യായീകരണവുമായി സ്വന്തം പാര്‍ട്ടിയായ ജനസംഘത്തെ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ വരെ തയ്യാറായ സംഘ്പരിവാരം ഇന്ന് പലര്‍ക്കും കടങ്കഥ പോലെ അനുഭവപ്പെട്ടാല്‍ അത്ഭുതമില്ല. എല്ലാ കാലത്തും സ്വദേശി മുദ്രാവാക്യം ഉയര്‍ത്തിയിരുന്ന ആര്‍ എസ് എസ് ഇന്ന് അദാനിയുടെയും അംബാനിയുടെയും ദന്തഗോപുരങ്ങളില്‍ സുഖ മയക്കത്തിലാണ്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെക്കേണ്ടിവന്നു. എന്നാല്‍ മാവോവാദികളെന്ന പേരില്‍ പോയിന്റ് ബ്ലാങ്കില്‍ ഏഴ് പേരെ ചുട്ടുതള്ളുമ്പോഴും യു എ പി എ സാധാരണയാകുമ്പോഴും പൊരുത്തപ്പെടാനും ന്യായീകരിക്കാനും മലയാളികള്‍ വരെ മുന്നോട്ടു വരുമ്പോള്‍ കെട്ടകാലത്തിന്റെ കിരണങ്ങള്‍ സ്വീകരണ മുറിയിലെത്തിക്കഴിഞ്ഞെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

Latest