smrthi
മനുഷ്യ മനസ്സറിഞ്ഞ ഫ്രെയിമുകൾ
സമൂഹത്തിൽ ഏറ്റവും പ്രയാസവും ദുരിതവും അനുഭവിക്കുന്നവരുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുക. നല്ല പോലെ വായിക്കുക, വായന നല്ല ചിത്രങ്ങൾ എടുക്കാൻ സഹായിക്കും. നമ്മുടെ ചുറ്റുമുള്ള മനുഷ്യരെയും ചുറ്റുപാടുകളെയും ഫോട്ടോ എടുത്ത് ഡോക്യുമെന്റ് ചെയ്യുക ഇതെല്ലാം ചോയിക്കുട്ടി എന്ന ഫോട്ടോഗ്രാഫർ തന്റെ ശിഷ്യൻമാരോട് പലപ്പോഴും പറയാറുള്ളതാണ്. അതിൽ പ്രധാനപ്പെട്ടതായി തോന്നിയത് ഇതാണ്. എല്ലാ ഫോട്ടോഗ്രാഫർമാർക്കും ചിത്രങ്ങൾ എടുക്കാനാകും. പക്ഷേ, നല്ല മനുഷ്യനാകുക എന്നത് എളുപ്പമല്ല. നല്ല ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് പോലെ പ്രധാനമാണ് നല്ല മനുഷ്യനാകുക എന്നത്.
തെരുവിലും ചേരികളിലും ചിത്രങ്ങളെടുക്കാൻ ചെല്ലുന്ന ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ പോസ് ചെയ്യാൻ അവർ മടിക്കും. ചിലർ ഫോട്ടോഗ്രാഫർമാരോട് നീരസം പ്രകടിപ്പിക്കും. പക്ഷേ, ചോയിക്കുട്ടി എന്ന ഫോട്ടോഗ്രാഫർ അവർക്ക് പ്രിയപ്പെട്ടവനായിരുന്നു. തോളിൽ ക്യാമറയും തൂക്കി മെലിഞ്ഞ് ഉയരം കുറഞ്ഞ ആ മനുഷ്യൻ അവർക്ക് ഫോട്ടോഗ്രാഫർ മാത്രമായിരുന്നില്ല. അവരുടെ വേദനകൾ പങ്ക് വെക്കാനുള്ള അത്താണിയായിരുന്നു. ഫോട്ടോഗ്രാഫി മാത്രം സമ്പത്തായുള്ള ആ മനുഷ്യൻ തന്നെ കൊണ്ടാകും വിധം അവരെ സഹായിച്ചു. കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും പരിചയമുള്ള ആ ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ തെരുവിലെ ജീവിതങ്ങൾ പതിഞ്ഞു. തെരുവിൽ ജീവിക്കുന്നവർ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സെലിബ്രിറ്റികളായി.
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ചോയിക്കുട്ടി തഞ്ചാവൂർ ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഫോട്ടോഗ്രാഫി അഭ്യസിക്കുന്നത്. സംവിധായകൻ എ വിൻസെന്റിന്റെ അച്ഛൻ ജി വിൻസന്റിനൊപ്പം 1967 മുതൽ 1972 വരെ ചിത്ര സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. അന്ന് തനിക്ക് ലഭിച്ച ശിക്ഷണം ഏറെ വിലപ്പെട്ടതാണെന്ന് ചോയിക്കുട്ടി എന്നും പറയുമായിരുന്നു.
കേരള ദേശത്തിനും കലാകൗമുദിക്കും ദേശാഭിമാനിക്കും ചിത്രങ്ങൾ നൽകി ക്കൊണ്ടാണ് ന്യൂസ് ഫോട്ടോഗ്രാഫി രംഗത്ത് എത്തുന്നത്. പിന്നീട് കാലിക്കറ്റ് ടൈംസിൽ ചേർന്നു. സായാഹ്ന പത്രമായതിനാൽ അന്നൊക്കെ കാലിക്കറ്റ് ടൈംസിൽ വന്ന ചിത്രം പിറ്റേന്നാണ് മനോരമയിലും മാതൃഭൂമിയിലും വരുന്നത്. കോഴിക്കോട് ഒട്ടനവധി വാടക വീടുകളിൽ താമസിച്ചതിനാൽ നഗരത്തിൽ വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. നഗരത്തിൽ എന്ത് നടന്നാലും പെട്ടെന്ന് അറിയും. അത് അദ്ദേഹത്തിന്റെ ന്യൂസ് ഫോട്ടോഗ്രാഫിയെ സഹായിച്ചിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത കുഞ്ഞീവി എന്ന സ്ത്രീയുടെ തൂങ്ങി മരണത്തിന്റെ ചോയിക്കുട്ടി എടുത്ത ചിത്രം കസ്റ്റഡിമരണങ്ങൾ നടക്കുന്ന ഈ കാലത്തും വളരെ പ്രസക്തമായ ചിത്രമാണ്. കസ്റ്റഡി മരണങ്ങളെ പുറത്തുകൊണ്ട് വന്ന കേരളത്തിലെ ആദ്യ ഇൻവെസ്റ്റിഗേറ്റീവ് ഫോട്ടോ ജേർണലിസമായി ആ ചിത്രം മാറി. പാർലിമെന്റിൽ വരെ കുഞ്ഞീവിയുടെ തൂങ്ങിമരണം എത്തി. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ സെല്ലിൽ ഒരു സ്ത്രീ തൂങ്ങി മരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചാണ് ചോയിക്കുട്ടി പോലീസ് സ്റ്റേഷനിലെത്തുന്നത്. ആൾക്കൂട്ടത്തിനിടയിലൂടെ ലോക്കപ്പിനുള്ളിലേക്ക് നുഴഞ്ഞ് കയറി. പോലീസിന്റെ കണ്ണ് വെട്ടിച്ച് ലോക്കപ്പിനുള്ളിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞീവിയുടെ ചിത്രങ്ങൾ എടുത്ത് പെട്ടെന്ന് പുറത്തേക്കിറങ്ങി സ്ഥലം വിട്ടു. പോലീസിന് വേണ്ടി ചിത്രങ്ങളെടുക്കാൻ വന്ന ഫോട്ടോഗ്രാഫറാണെന്നാണ് പോലീസുകാർ കരുതിയത്. കാലുകൾ നിലത്ത് കുത്തി കൈകൾ അഴികളിൽ താങ്ങിയാണ് മൃതദേഹം ഉണ്ടായിരുന്നത്. ലോക്കപ്പിനുള്ളിൽ ബീഡിക്കുറ്റികളും തീപ്പെട്ടി കമ്പും കാണാം. അതൊരു കൊലപാതകമാണെന്ന് തെളിയിക്കാൻ ആ ചിത്രം മതിയായിരുന്നു.
അത് പോലെ തന്നെ സാഹസികമായി പകർത്തിയ മറ്റൊരു എക്സ്ക്ലുസീവ് ചിത്രം കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ കയറി പകർത്തിയ തൂക്ക് മുറിയുടെ പുറംകാഴ്ച ചിത്രമായിരുന്നു. സൂപ്രണ്ടിന്റെ ക്വാർട്ടേഴ്സിലേക്കുള്ള പറമ്പിൽ കയറി മുള്ളുവേലി കടന്ന് കാട്ടിലിരുന്നാണ് ആ ചിത്രം പകർത്തിയത്. ഗ്വാളിയോർ റയോൺസ് സമരത്തിനിടെ നേതാക്കളായ ഗ്രോ വാസുവിനെയും മോയിൻ ബാപ്പുവിനെയും പുലർച്ചെ നാലുമണിക്ക് അറസ്റ്റ് ചെയ്യുന്ന ചിത്രം, അന്വേഷി അജിതയുടെയും യാക്കൂബിന്റെയും വിവാഹത്തിന്റെ ചിത്രം, ത്വക്ക് രോഗാശുപത്രിയിൽ ഭക്ഷണത്തിന് കാത്ത് നിൽക്കുന്ന വ്യത്യസ്ത മതത്തിൽപ്പെട്ട പ്രായമായ സ്ത്രീകളുടെ ചിത്രം വിശപ്പിന് മുന്നിൽ ജാതിയും മതവും ഇല്ലെന്ന് തെളിയിക്കുന്നു. സർക്കാർ പുറമ്പോക്കിൽ കിടപ്പാടം പോലീസ് സംരക്ഷണയിൽ പൊളിച്ച് നീക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന കുട്ടികളുടെ ചിത്രം ഹൃദയസ്പർശിയാണ്. സംവിധായകൻ ജോൺ ഏബ്രഹാമിന്റെ പോർട്രൈറ്റ് ചിത്രം ചോയിക്കുട്ടി എടുത്ത മികച്ച ചിത്രങ്ങളിൽ ഒന്നാണ്. എം ടി നാടകം റിഹേഴ്സൽ ചെയ്യിപ്പിക്കുന്ന ചിത്രം, നീണ്ട് വളഞ്ഞ മൂക്കും കണ്ണടയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരൻ കോവിലന്റെ പോർട്രെയ്റ്റിൽ അദ്ദേഹത്തിന്റെ മൂക്കാണ് ചോയിക്കുട്ടി ഫോക്കസ് ചെയ്തത്. ഇബ്്റാഹിം സുലൈമാൻ സേട്ടിനെ തൊപ്പിയണിഞ്ഞേ എല്ലാവരും കാണാറുള്ളൂ. തൊപ്പി വെക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചോയിക്കുട്ടിയുടെ ചിത്രം നമുക്ക് പറഞ്ഞ് തരുന്നു. കവി അയ്യപ്പൻ കോഴിക്കോട് മെഡിക്കൽ കോളജ് ഐ സി യുവിൽ കിടക്കുന്ന ചിത്രം, കുഞ്ഞുണ്ണി മാഷിന്റെ ചിത്രം, വൈക്കം മുഹമ്മദ് ബഷീർ, സുരാസു, അക്കിത്തം, യു എ ഖാദർ, മേധ പട്കർ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും അതിനേക്കാൾ ഏറെ നഗരത്തിലെ സാധാരണക്കാരുടെയും തെരുവിലെ നാടോടികളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും പോർട്രെയ്റ്റുകൾ ചോയിക്കുട്ടിയുടെ ശേഖരത്തിലുണ്ട്.
ഇ എം എസിനെ വളരെ നാൾ പിൻതുടർന്ന് ചിത്രങ്ങളെടുത്തിരുന്നു. ഇ എം എസ് വിക്കി വിക്കി സംസാരിക്കുന്നതും വിക്ക് ചിരിയായി മാറുന്നതുമെല്ലാം സീക്വൻസായി പകർത്തിയിട്ടുണ്ട്. ഒരിക്കൽ ഫോട്ടോയെടുത്ത നഗരത്തിലെ മുഖങ്ങളെ പിൻതുടർന്ന് അവരുടെ വിവിധ ജീവിത ഘട്ടങ്ങൾ പകർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് മിഠായിത്തെരുവിൽ കണ്ട തെരുവ് ബാലികയെ 14 വർഷം പിൻതുടർന്ന് ചിത്രങ്ങൾ എടുത്തത്.
തൊണ്ടയാട് കൈരളി ബിൽഡിംഗിൽ കൈയിൽ നിന്ന് പണമെടുത്തും സുഹൃത്തുക്കളുടെ സഹായം കൊണ്ടും അദ്ദേഹം ലൈറ്റ് ആൻഡ് ലെൻസ് അക്കാദമിയും ഫോട്ടോഗ്രാഫി പഠന ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു. ഫോട്ടോഗ്രാഫി ജനകീയമാക്കുക, ഫോട്ടോ ഗ്യാലറി യാഥാർഥ്യമാക്കുക, ഫോട്ടോഗ്രാഫിയിലേക്കിറങ്ങുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുക ഇതെല്ലാമായിരുന്നു ലക്ഷ്യം. സെൻസേഷനുണ്ടാക്കാൻ ചിത്രങ്ങൾ എടുക്കാത്ത, എടുത്ത ചിത്രങ്ങൾ സ്വയം മാർക്കറ്റ് ചെയ്യാത്ത, ബിസിനസ് താത്പര്യങ്ങൾ ഇല്ലാത്ത ചോയിക്കുട്ടി സ്ഥാപനത്തിന്റെ തൊണ്ടയാട്ടെ പ്രവർത്തനം നിർത്തി കക്കോടിയിലേക്ക് മാറി. ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള ഒട്ടേറെ പേരെ പഠിപ്പിച്ചു. അതിൽ പ്രായമുള്ളവരും ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഗോത്ര വിഭാഗക്കാരെയും സൗജന്യമായി ഫോട്ടോഗ്രാഫി പഠിപ്പിച്ചു. ഇന്ന് കേരളത്തിലുടനീളം പത്ര ഫോട്ടോഗ്രാഫർമാരായി ചോയിക്കുട്ടി പഠിപ്പിച്ച ശിഷ്യൻമാരുണ്ട്. സ്വന്തമായി സ്റ്റുഡിയോ നടത്തുന്നവരും ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരുമുണ്ട്. എഴുപത്തിയൊൻപതാം വയസ്സിലും രോഗബാധിതനായി കിടപ്പിലാകും വരെ കർമനിരതനായിരുന്നു ചോയിക്കുട്ടി. കൊവിഡ് കാലത്ത് പോലും കക്കോടി അങ്ങാടിയിലിറങ്ങി അദ്ദേഹം ചിത്രങ്ങളെടുത്തു.
സമൂഹത്തിൽ ഏറ്റവും പ്രയാസവും ദുരിതവും അനുഭവിക്കുന്നവരുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുക. നല്ല പോലെ വായിക്കുക, വായന നല്ല ചിത്രങ്ങൾ എടുക്കാൻ സഹായിക്കും. നമ്മുടെ ചുറ്റുമുള്ള മനുഷ്യരെയും ചുറ്റുപാടുകളെയും ഫോട്ടോ എടുത്ത് ഡോക്യുമെന്റ് ചെയ്യുക ഇതെല്ലാം ചോയിക്കുട്ടി എന്ന ഫോട്ടോഗ്രാഫർ തന്റെ ശിഷ്യൻമാരോട് പലപ്പോഴും പറയാറുള്ളതാണ്. അതിൽ പ്രധാനപ്പെട്ടതായി തോന്നിയത് ഇതാണ്. എല്ലാ ഫോട്ടോഗ്രാഫർമാർക്കും ചിത്രങ്ങൾ എടുക്കാനാകും. പക്ഷേ, നല്ല മനുഷ്യനാകുക എന്നത് എളുപ്പമല്ല. നല്ല ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് പോലെ പ്രധാനമാണ് നല്ല മനുഷ്യനാകുക എന്നത്.