Connect with us

Kerala

സ്വര്‍ണ ബിസിനസെന്ന് പറഞ്ഞ് തട്ടിപ്പ്; 20 ലക്ഷം തട്ടിയ മിസോറാം സ്വദേശിനി അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്

Published

|

Last Updated

കൊച്ചി | സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. മിസോറാം സ്വദേശിനി ലാല്‍ച്വാന്‍താങ്ങി (47) യെയാണ് ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്.

ജോര്‍ദ്ദാനില്‍ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഫെയ്‌സ് ബുക്ക വഴിയാണ് ഇവര്‍ പരിചയപ്പെടുന്നത്. യു കെ വംശജയാണെന്നും സ്വര്‍ണ്ണത്തിന്റെ ബിസിനസാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ഇന്ത്യയില്‍ സ്വര്‍ണ്ണ ബിസിനസ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് യുവതി അങ്കമാലി സ്വദേശിയെ അറിയിച്ചു. കൊച്ചിയിലേക്ക് വരുന്നുണ്ടെന്നും ഒരു ഡ്രൈവറെ ഏര്‍പ്പെടുത്തണമെന്നും സ്വര്‍ണ്ണക്കടക്കാരെ പരിചയപ്പെടുത്തിക്കൊടുക്കണമെന്നും പറഞ്ഞു.

ഡല്‍ഹിയിലേക്കാണ് വിമാന ടിക്കറ്റ് കിട്ടിയതെന്ന് പറയുകയും വിമാനത്തിലിരിക്കുന്നതിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തതോടെ യുവാവിന് കാര്യങ്ങള്‍ കൂടുതല്‍ വിശ്വാസമായി. തന്റെ കൈവശമുണ്ടായിരുന്ന മൂന്ന് കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്ന് പറഞ്ഞ് പിന്നീട് യുവതിയുടെ സന്ദേശം അങ്കമാലി സ്വദേശിക്ക് ലഭിച്ചു. ഇത് വിട്ടുകിട്ടാനുള്ള ക്ലിയറന്‍സിന് വേണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു.

കാര്യങ്ങള്‍ സത്യമാണെന്ന് കരുതിയ യുവാവ് പലരില്‍ നിന്നുമായി ഇരുപത് ലക്ഷത്തിലേറെ രൂപ വാങ്ങി യുവതിക്കയച്ചു കൊടുത്തു. പിന്നെ ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. നടന്നത് തട്ടിപ്പാണെന്ന് മനസിലാക്കിയപ്പോഴേക്കും പണം നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഡല്‍ഹി വസന്ത് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുമാണ് യുവതിയെ പിടികൂടിയത്.

Latest