Connect with us

From the print

വ്യാജ കോടതി ഒരുക്കി തട്ടിപ്പ്; "ജഡ്ജി' അറസ്റ്റിൽ

തീർപ്പാക്കുന്നത് ഭൂമിതർക്ക കേസ്

Published

|

Last Updated

അഹമ്മദാബാദ് | ഇടനിലക്കാരായും വ്യാജ ഉദ്യോഗസ്ഥരായും നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട് രാജ്യത്ത്.ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന തട്ടിപ്പ് ഇതിനെയെല്ലാം മറികടക്കും. സ്വന്തമായി കോടതി സംവിധാനം ഒരുക്കി നിരവധി ഉത്തരവുകളിറക്കി അഞ്ചര വർഷത്തോളമാണ് തട്ടിപ്പ് നടത്തിയത്. ഗാന്ധിനഗർ സ്വദേശിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ (37) എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. സ്വന്തമായി കോടതി സംവിധാനം ഒരുക്കിയാണ് തട്ടിപ്പ് നടത്തിയത്.
ഇയാളുടെ ഗാന്ധിനഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയെടുത്തത്. അഭിഭാഷകരും ഗുമസ്തൻമാർ ഉൾപ്പെടെയുള്ള “ജീവനക്കാരും’ ഇവിടെയുണ്ട്. മോറിസ് സാമുവൽ ആണ് ന്യായാധിപൻ. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകളാണ് ഈ “കോടതി’ പരിഗണിച്ചിരുന്നതെന്നാണ് അഹമ്മദാബാദ് പോലീസ് പറയുന്നത്.
സിവിൽ കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച മധ്യസ്ഥനാണെന്ന വ്യാജേനയാണ് കക്ഷികളുമായി ബന്ധപ്പെടുക. ഇവരുടെ കേസ് ട്രൈബ്യൂണലിൽ പരിഗണിക്കാമെന്ന് അറിയിക്കും. പണം വാങ്ങി അനുകൂലമായ വിധിയെഴുതുകയാണ് തട്ടിപ്പുകാരുടെ രീതി.
സർക്കാർ ഭൂമിയിൽ ഉടമസ്ഥത ഉന്നയിച്ച് 2019ൽ ഒരാൾ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ കക്ഷിയെ കബളിപ്പിച്ച തട്ടിപ്പുകാർ വ്യാജ കോടതിയിൽ നിന്ന് ഇയാൾക്ക് അനുകൂലമായ “വിധി’യും നൽകി. വ്യാജ ഉത്തരവ് ശ്രദ്ധയിൽപ്പെട്ട സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പുകാർ വലയിലായത്.
ആൾമാറാട്ടം, കബളിപ്പിക്കൽ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരഞ്ജ് പോലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. “വിധി’ പറഞ്ഞ മറ്റ് കേസുകൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Latest