Kerala
റീചാര്‍ജിലെ വഞ്ചന; പത്തനംതിട്ട എയര്‍ടെല്‍ മാനേജരും കമ്പനിയും ഉപഭോക്താവിന് 33,000 രൂപ നല്‍കാന്‍ ഉത്തരവ്
വെട്ടിപ്പുറത്ത് സ്വദേശിയായ അഭിഭാഷകന്‍ റിക്കി മാമന്‍ പാപ്പി കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ എയര്‍ടെല്‍ കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.
പത്തനംതിട്ട | പത്തനംതിട്ട എയര്‍ടെല്‍ മാനേജരും എയര്‍ടെല്‍ കമ്പനിയും ചേര്‍ന്ന് 33,000 രൂപ നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. വെട്ടിപ്പുറത്ത് സ്വദേശിയായ അഭിഭാഷകന്‍ റിക്കി മാമന്‍ പാപ്പി കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ എയര്‍ടെല്‍ കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.
2022 ഒക്ടോബര്‍ മാസം 26ന് 2,999 രൂപ കൊടുത്ത് ഹരജിക്കാരന്‍ തന്റെ മൊബൈല്‍ നമ്പറിലേക്ക് എയര്‍ടെല്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ റീചാര്‍ജ് ചെയ്തു. ഒരു ദിവസം 2 ജി ബി അണ്‍ലിമിറ്റഡ് ഡാറ്റയും ദിവസം 100 എസ് എം എസും കോളും അടക്കമുള്ള പ്ലാന്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് റീചാര്‍ജ് ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ വീടിന്റെ ഭാഗങ്ങളിലും നെറ്റ് വര്‍ക്ക് കണക്ഷന്‍ കിട്ടാത്ത അവസ്ഥയിലായി.
പലപ്പോഴും രണ്ട് പോയിന്റുകള്‍ മാത്രമേ മൊബൈലില്‍ നെറ്റ് വര്‍ക്ക് കാണിക്കാറുള്ളു. ഈ വിവരം എയര്‍ടെലിന്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരെയും കമ്പനിയെയും നേരിട്ടും ടെലിഫോണ്‍ മുഖാന്തിരവും അറിയിച്ചിട്ടും പൂര്‍ണ തോതില്‍ നെറ്റ് വര്‍ക്ക് കണക്ഷന്‍ ലഭ്യമായില്ല.
അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വര്‍ഷത്തേയ്ക്ക് എയര്‍ടെലിന്റെ നെറ്റ് വര്‍ക്ക് കണക്ഷനെടുത്തതെന്നും മറ്റും അറിയിച്ചപ്പോള്‍ വെട്ടിപ്പുറത്തെ എയര്‍ടെലിന്റെ ടവര്‍ വാടകയ്ക്ക് എടുത്തതാണെന്നും ഉടമസ്ഥനുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ എയര്‍ടെലിന്റെ നെറ്റ് വര്‍ക്ക് ടവര്‍ ഉപയോഗിക്കാന്‍ കരാറുകാരന്‍ സമ്മതിക്കില്ലെന്നും പുതിയ ടവറിനു വേണ്ടിയുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ ടവര്‍ മൂന്നു മാസത്തിനകം പൂര്‍ത്തീകരിച്ച് ഹരജിക്കാരന്റെ വീട്ടിലും മറ്റും പൂര്‍ണതോതില്‍ നെറ്റ് വര്‍ക്ക് നല്‍കാമെന്നും എതിര്‍കക്ഷി ഉറപ്പുനല്‍കിയിരുന്നതാണ്.
കരാറുകാരനുമായുളള തര്‍ക്കങ്ങള്‍ മറച്ചുവച്ചാണ് കമ്പനി ഹരജിക്കാരന് റീചാര്‍ജ് പ്ലാന്‍ ചെയ്തുകൊടുത്തത്. എന്നാല്‍, നെറ്റ് വര്‍ക്ക് കണക്ഷനെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ കമ്മീഷനെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് അയച്ചു. തുടര്‍ന്ന് നടന്ന വാദം കേള്‍ക്കലില്‍ ഉപഭോക്താവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന് ബോധ്യമായി. ടവര്‍ ഇല്ലാതിരുന്നിട്ടും അത് മറച്ചുവെച്ച് കണക്ഷനുകള്‍ കൊടുത്ത് അന്യായമായ ലാഭമുണ്ടാക്കുകയാണ് എയര്‍ടെല്‍ കമ്പനി ചെയ്ത്. അതുകൊണ്ട് ഉപഭോക്താവ് അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നല്‍കാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവ് ഇനത്തിലും പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ എതിര്‍കക്ഷികളോട് ഉത്തരവിടുകയുമായിരുന്നു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനുമാണ് വിധി പ്രസ്താവിച്ചത്.