Connect with us

Uae

ബേങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് തട്ടിപ്പ്; 494 പേര്‍ അറസ്റ്റില്‍

ബേങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ് എം എസ്, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ 406 ഫോണ്‍ തട്ടിപ്പുകള്‍ നടത്തി.

Published

|

Last Updated

ദുബൈ | ബേങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് ഫോണ്‍ തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനാണ് അന്വേഷണം നടത്തിയത്. ബേങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ് എം എസ്, സാമൂഹിക മാധ്യമ ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ 406 ഫോണ്‍ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തി. ഇരകളെ കബളിപ്പിക്കാനും അവരുടെ ബേങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറാനും ശ്രമിച്ചു. തട്ടിപ്പുകള്‍ നടത്താന്‍ ഉപയോഗിച്ച പണവും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.

വഞ്ചന ഒരു ക്രിമിനല്‍ കുറ്റമാണെന്നും കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറല്‍ നിയമ പ്രകാരം കടുത്ത ശിക്ഷക്ക് അര്‍ഹമാണെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ശംസി പറഞ്ഞു.

അക്കൗണ്ടുകളോ കാര്‍ഡുകളോ തടയുകയോ മരവിപ്പിക്കുകയോ ചെയ്തുവെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുന്നവര്‍ക്കെതിരെ കരുതല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബേങ്കുകള്‍ ഒരിക്കലും ടെലിഫോണ്‍ വഴി ബേങ്കിംഗ് വിവരങ്ങള്‍ ചോദിക്കില്ല. ഉപഭോക്താക്കള്‍ അവരുടെ വിശദാംശങ്ങള്‍ ബേങ്കുകളുടെ ശാഖകള്‍, ഔദ്യോഗിക ഉപഭോക്തൃ സേവന പ്രതിനിധികള്‍, അല്ലെങ്കില്‍ ആധികാരിക ബേങ്കിംഗ് ആപ്ലിക്കേഷനുകള്‍ എന്നിവ വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യണം.

തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി വഞ്ചനാ മുന്നറിയിപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യക്ഷമതയെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പിന്റെ ഡയറക്ടര്‍ കേണല്‍ ഡോ. ഖാലിദ് ആരിഫ് അല്‍ ശൈഖ് എടുത്തുപറഞ്ഞു.

 

Latest