Connect with us

bread for poor

നിരാലംബർക്ക് സൗജന്യ അപ്പം: ശൈഖ് മുഹമ്മദിന്റെ പദ്ധതിക്ക് സ്മാർട് മെഷീൻ

"യു എ ഇയിൽ ആരും വിശന്ന് ഉറങ്ങാറില്ല' എന്ന സന്ദേശം ശൈഖ് മുഹമ്മദ് നൽകിയിരുന്നു.

Published

|

Last Updated

ദുബൈ | ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷന് കീഴിലുള്ള മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൾട്ടൻസി നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാവർക്കും അപ്പം എന്ന പദ്ധതി ആരംഭിച്ചു. നിരവധി ഔട്ട്ലെറ്റുകളിൽ വിന്യസിച്ചിരിക്കുന്ന സ്മാർട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് അപ്പം നൽകാനാണ് ഡിജിറ്റൽ സംരംഭം ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി, മുൻകൂട്ടി പ്രോഗ്രാം ചെയ്ത യന്ത്രങ്ങൾ ബ്രെഡ് തയ്യാറാക്കുകയും സൗജന്യമായി നൽകുകയും ചെയ്യുന്നു.

ഹ്രസ്വകാല കമ്മ്യൂണിറ്റി ഫണ്ടിംഗ് സ്വീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ “യു എ ഇയിൽ ആരും വിശന്ന് ഉറങ്ങാറില്ല’ എന്ന സന്ദേശം ശൈഖ് മുഹമ്മദ് നൽകിയിരുന്നു. അൽ അസ്്വാക്കാണ് സൂപ്പർമാർക്കറ്റുകളിൽ സ്മാർട് മെഷീനുകൾ വിന്യസിക്കുന്നത്. വർഖ, മിർദിഫ്, നാദ് അൽ ശിബ, നദ് അൽ ഹമർ, അൽ ഖൂസ്, അൽ ബദാഅ എന്നീ ശാഖകളിൽ അപ്പം ലഭിക്കും.

യന്ത്രങ്ങൾ ഉപയോക്തൃ സൗഹൃദമാണ്. ആവശ്യമുള്ളവർ “ഓർഡർ’ ബട്ടൺ അമർത്തിയാൽ അൽപനേരത്തെ കാത്തിരിപ്പിന് ശേഷം ബ്രെഡ് തയ്യാറായി മെഷീനിൽ നിന്ന് പുറത്തുവരും. ദുബൈ നൗ ആപ്പിലൂടെയും ഇതിന് വേണ്ടി സംഭാവന നൽകാം. അല്ലെങ്കിൽ 10 ദിർഹം സംഭാവനക്കായി 3656 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കാം.  50 ദിർഹത്തിന് 3658, 100 ദിർഹത്തിന് 3659 ,500 ദിർഹത്തിന് 3679 എന്നതിലേക്കും അയക്കാം.  മറ്റു ദാതാക്കൾക്ക് www.mbrgcec.ae എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം.

Latest