Uae
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേക്ക് സൗജന്യ ബസ്; കൂടുതൽ ടാക്സികൾ: സുരക്ഷക്ക് പ്രത്യേക സംവിധാനങ്ങൾ
റമസാനിലുടനീളം ഈ സേവനം പ്രവർത്തിക്കും.

അബൂദബി | റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തുന്നവർക്ക് വിപുലമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കി. റമസാനിലെ അവസാന ദിവസങ്ങളിൽ തറാവീഹ് പ്രാർഥനകളിലും മറ്റും പള്ളിക്ക് ചുറ്റുമുള്ള തിരക്ക് കണക്കിലെടുത്താണ് നടപടികൾ.
സന്ദർശകരെ സഹായിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി) പള്ളിയെയും അൽ റബ്ദാനിലെ ബസ് ഇന്റർചേഞ്ചിനെയും ബന്ധിപ്പിക്കുന്ന പത്ത് സൗജന്യ ബസ് സർവീസുകൾ ആരംഭിച്ചു.
റമസാനിലുടനീളം ഈ സേവനം പ്രവർത്തിക്കും. പള്ളിക്ക് ചുറ്റുമുള്ള റോഡുകളും പ്രധാന കവലകളും ഡിജിറ്റൽ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കും. ഗതാഗതക്കുരുക്കോ അടിയന്തര സാഹചര്യങ്ങളോ കണ്ടെത്തിയാൽ ദ്രുത പ്രതികരണം നടത്തും.
വാഹനമോടിക്കുന്നവർക്ക് നിയുക്ത പാർക്കിംഗ് ഏരിയകളിലേക്ക് വഴികാട്ടുന്നതിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മൊബൈൽ ഇലക്ട്രോണിക് അടയാളങ്ങൾ സ്ഥാപിക്കും. പള്ളിക്ക് ചുറ്റും ഫിക്‌സഡ് ഇലക്ട്രോണിക് വേരിയബിൾ സന്ദേശ അടയാളങ്ങൾ (വി എം എസ്) ദിശാസൂചന സന്ദേശങ്ങൾ പ്രദർശിപ്പിക്കും.
പള്ളിക്ക് സമീപമുള്ള ട്രാഫിക് സിഗ്‌നലുകളിലും കവലകളിലും ഫീൽഡ് ഇൻസ്‌പെക്ടർമാരെ നിയമിക്കും. പ്രദേശം സുരക്ഷിതമാക്കുന്നതിനും ഗതാഗതം കാര്യക്ഷമമാക്കുന്നതിനും റോഡ് സർവീസ് പട്രോൾ (ആർ എസ് പി) യൂണിറ്റുകളും ടോവിംഗ് സേവനങ്ങളും വിന്യസിക്കും.