Connect with us

National

സൗജന്യ വിദ്യാഭ്യാസം, അലവൻസ്; മധ്യപ്രദേശിൽ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്

ഒന്ന് മുതൽ 12 വരെ സൗജന്യ വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് പ്രതിമാസം 500 രൂപ വീതം നൽകുമെന്ന് പ്രിയങ്ക

Published

|

Last Updated

ഭോപാൽ | തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ വൻ വാഗ്‌ദാനവുമായി കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും അലവൻസും നൽകുമെന്ന് അവർ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ചതിന് പുറമേയാണ് കോൺഗ്രസ്സ് സർക്കാർ അധികാരത്തിലെത്തിയാൽ ഒന്ന് മുതൽ 12 വരെ സൗജന്യ വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് പ്രതിമാസം 500 രൂപ വീതം നൽകുമെന്ന് പ്രിയങ്ക പറഞ്ഞത്. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രതിമാസം 1,000 രൂപയും 11, 12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 1,500 രൂപയും “ഭപധോ-പഠാവോ ‘(പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക) പദ്ധതി പ്രകാരം നൽകും.

ആദിവാസി ഭൂരിപക്ഷമുള്ള ജില്ലയായ മണ്ഡലയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രിയങ്ക വാഗ്‌ദാന പെരുമഴ നൽകിയത്. ആദിവാസി വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അവരുടെ ജനസംഖ്യാ അനുപാതത്തിൽ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി നിരന്തരം ഉന്നയിക്കുന്നതാണ്. ഈ സാഹചര്യത്തിൽ സർക്കാർ രൂപവത്കരിച്ചാൽ ജാതി സെൻസസ് നടപ്പാക്കും. ബിഹാറിൽ ഈയടുത്ത് ജാതി സെൻസസ് നടപ്പാക്കി. അവിടെ ജനസംഖ്യയുടെ 84 ശതമാനവും ഒ ബി സി , എസ് സി, എസ് ടി വിഭാഗക്കാരാണ്. എന്നാൽ, ഇതിന് ആനുപാതികമായി അവർക്ക് ജോലി ലഭിക്കുന്നില്ല. പിന്നാക്ക വിഭാഗക്കാരുടെ കൃത്യമായ കണക്കുകൾ അറിയാനും അവർക്ക് നീതി പുലർത്താനും രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കാണ്ടത് അത്യാവശ്യമാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അവർ പിന്നാക്ക വിഭാഗക്കാരോട് കാണിക്കുന്നത് അനീതിയും വിവേചനവുമാണെന്ന് പ്രിയങ്ക പറഞ്ഞു.

ഉപജീവനത്തിനായി തേൻ ഇല ശേഖരിക്കുന്ന ആദിവാസികൾക്ക് ബോണസിന് പകരം ചെരിപ്പാണ് നൽകുന്നതെന്നും പ്രിയങ്ക ആരോപിച്ചു. മധ്യപ്രദേശ് 18 വർഷം ഭരിച്ച ബി ജെ പി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൽ നിരവധി വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും അവർ പറഞ്ഞു.

ഏകദേശം 225 മാസമായി അധികാരത്തിലുള്ള ബിജെപി സംസ്ഥാനത്ത് ഇതുവരെ 250 അഴിമതികൾ നടത്തിയെന്നും വ്യാപം പരീക്ഷകൾ, ഉച്ചഭക്ഷണ പദ്ധതി, സ്കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട അഴിമതികൾ നിരത്തി പ്രിയങ്ക പറഞ്ഞു.

Latest