Connect with us

ration distribution

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സൗജന്യ റേഷൻ മുടങ്ങും; കേന്ദ്ര സർക്കാർ തീരുമാനം നിർണായകം

ബാധിക്കുക മഞ്ഞ, പിങ്ക് കാർഡുടമകളെ

Published

|

Last Updated

കോഴിക്കോട് | മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നൽകിവരുന്ന അഞ്ച് കിലോഗ്രാം സൗജന്യ അരി അടുത്ത മാസം തുടരുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം നിർണായകം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനപദ്ധതി പ്രകാരം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ വിഹിതമാണ് കേന്ദ്ര തീരുമാനം അനുകൂലമായില്ലെങ്കിൽ റദ്ദാവുക. അന്ത്യോദയ അന്നയോജന (എ എ വൈ-മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പി എച്ച് എച്ച് -പിങ്ക് കാർഡ്) എന്നീ വിഭാഗങ്ങളിൽ പെട്ട ഒന്നരക്കോടിയിലധികം പേർക്കാണ് അരി നൽകി വരുന്നത്.

പിങ്ക് വിഭാഗത്തിൽ പെട്ട 1,32,71,576 കാർഡ് അംഗങ്ങൾക്കും മഞ്ഞ വിഭാഗത്തിലെ 20,40,611 പേർക്കുമാണ് അരി ലഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രാജ്യത്താകമാനം പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഭക്ഷ്യ ധാന്യവിതരണം. നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും നൽകുന്നതായിരുന്നു പദ്ധതിയുടെ തുടക്കം. എന്നാൽ, പിന്നീട് അരി മാത്രമായി പദ്ധതി ചുരുങ്ങി. പദ്ധതിപ്രകാരമുള്ള അരി ഈ മാസം തന്നെ പല റേഷൻ കടകളിലും സ്റ്റോക്കില്ല. ആവശ്യത്തിന്റെ ഏകദേശം 70 ശതമാനം മാത്രമാണ് സ്റ്റോക്ക് എത്തിച്ചതെന്നാണ് വിവരം.

മാസാന്തം നൽകിവന്നിരുന്ന റേഷൻ മണ്ണെണ്ണയുടെ വിഹിതം നിലവിൽ മൂന്ന് മാസത്തേക്ക് അര ലിറ്ററായി കേന്ദ്രം നേരത്തേ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിന് 43 രൂപയും നൽകണം. 21 രൂപ നിരക്കിൽ ലഭിക്കുന്ന പഞ്ചസാര നിലവിൽ മഞ്ഞ കാർഡുടമകൾക്ക് മാത്രമേ നൽകുന്നുള്ളൂ. മഞ്ഞ കാർഡിന് 30 കിലോഗ്രാം അരിയും നാല് കിലോഗ്രാം ഗോതമ്പും സൗജന്യമായും ആറ് രൂപ നിരക്കിൽ ഒരു പാക്കറ്റ് ആട്ടയുമാണ് പി എം ജി വൈ പദ്ധതിക്ക് പുറമെ ലഭിക്കുന്നത്. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും കിലോക്ക് എട്ട് രൂപ നിരക്കിൽ ഒരു കിലോഗ്രാം ആട്ടയും നൽകുന്നുണ്ട്.

ഗോതമ്പിന് പകരം ആട്ട നൽകുന്നത് സ്വകാര്യ മില്ലുകളെ സഹായിക്കാനാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. നീല കാർഡുടമകളായ സബ്‌സിഡി വിഭാഗത്തിന് കിലോക്ക് നാല് രൂപ നിരക്കിൽ രണ്ട് കിലോഗ്രാം അരിയും വെള്ള കാർഡിന് 10.90 രൂപ നിരക്കിൽ അരിയുമാണ് നൽകിവരുന്നത്. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്. മഞ്ഞ കാർഡുകൾ കൂടുതലുള്ള രണ്ടാമത്തെ ജില്ല വയനാടും പിങ്ക് കാർഡുകാർ കൂടുതലുള്ളത് മലപ്പുറത്തുമാണ്.