National
സൗജന്യ റീച്ചാര്‍ജ് ഓഫറുകളിലും തട്ടിപ്പ്; മുന്നറിയിപ്പുമായി ട്രായ്
ട്രായിയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം മെസേജുകളില്‍ കുരുങ്ങരുതെന്നാണ് ട്രായിയുടെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി | വ്യാജ മൊബൈല്‍ റീചാര്‍ജ് ഓഫറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ട്രായ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം വഞ്ചനാപരമായ ഓഫറുകള്‍ക്ക് തലവെച്ചുകൊടുക്കരുതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്.
ട്രായിയുടെ പേരില്‍ സൗജന്യ റീചാര്‍ജ് ഓഫറുകള്‍ വാഗ്ദാനം ചെയ്താണ് പുതിയ തട്ടിപ്പ് രീതി. വ്യക്തികളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രായിയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം മെസേജുകളില്‍ കുരുങ്ങരുതെന്നാണ് ട്രായിയുടെ മുന്നറിയിപ്പ്.
അത്തരം ഓഫറുകളൊന്നും ട്രായിയില്‍ നിന്ന് വരുന്നതല്ലെന്ന് അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. ങ്ങളുടെ വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി വഴി പങ്കിട്ട ഒരു പോസ്റ്റില്‍, വ്യാജ മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുമായി ബന്ധപ്പെട്ട അഴിമതികളുടെ വര്‍ധനയില്‍ ട്രായ് ശങ്ക പ്രകടിപ്പിച്ചു. ഈ വഞ്ചനാപരമായ സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ഏതുതരം മൊബൈല്‍ ഫോണിലേക്കും കടന്നുകയറുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് അതോറിറ്റി പറഞ്ഞു. ഫോണിലെ രഹസ്യങ്ങളില്‍ നുഴഞ്ഞുകയറി ബേങ്കിംഗ് വിശദാംശങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇവ.
ട്രായ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. സന്ദേശം ലഭിച്ചാല്‍ പ്രസ്തുത മൊബൈല്‍ ദാതാവിന്റെ ഔദ്യോഗിക വെബ്‌സെറ്റില്‍ കയറി ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണം. സംശയം തോന്നിയാല്‍ സഹായത്തിനായി സൈബര്‍ ക്രൈം വെബ്സൈറ്റായhttps://Cybercrime.gov.in, സഞ്ചാര്‍ സാത്തി പോര്‍ട്ടല്‍https://sancharsaathi.gov.inഎന്നിവയില്‍ റിപോര്‍ട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സമീപകാലത്തായി ഇത്തരം തട്ടിപ്പ് ലക്ഷ്യമിട്ട് ശ്രമങ്ങള്‍ നടത്തിയ ഒരുലക്ഷത്തോളം വ്യാജ സന്ദേശ ടെംപ്ലേറ്റുകള്‍ ഇതിനകം തടഞ്ഞതായും ട്രായ് അറിയിച്ചു.