Uae
പ്രളയ കാലത്ത് നാശം നേരിട്ട 4,500 ഭവനങ്ങൾക്ക് സൗജന്യ അറ്റകുറ്റപ്പണി
75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു എ ഇയിൽ സംഭവിച്ചത്
ദുബൈ | യു എ ഇയിൽ പ്രളയ കാലത്ത് നാശം നേരിട്ട ഭവനങ്ങളിൽ 4,500 എണ്ണത്തിൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്തിക്കൊടുത്തതായി ഇമാർ പ്രോപ്പർടീസ് അറിയിച്ചു. ജൂൺ അവസാനം വരെയുള്ള കണക്കാണിത്.
ദുബൈ, ഷാർജ, മറ്റു വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചു. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു എ ഇയിൽ സംഭവിച്ചത്.
നാശനഷ്ടം നേരിട്ട ഭവനങ്ങളിൽ സൗജന്യ അറ്റകുറ്റപ്പണികൾ വാഗ്ദാനം ചെയ്തു.
ഡൗൺടൗൺ ദുബൈ, ഇമാർ സൗത്ത്, ദുബൈ ഹിൽസ് എസ്റ്റേറ്റ്, ദുബൈ ക്രീക്ക് ഹാർബർ, അറേബ്യൻ റാഞ്ചസ്, ദുബൈ മറീന, ദി വാലി എന്നിവടങ്ങളിൽ ഇമാറിന്റെ ഭവനങ്ങളുണ്ട്.
2024ന്റെ ആദ്യ പകുതിയിൽ 30 പദ്ധതികൾ ആരംഭിച്ചു. 2024 ലെ ആദ്യ ആറ് മാസങ്ങളിൽ 8,400 യൂനിറ്റുകൾ വിറ്റു.
അഡ്രസ് റെസിഡൻസ് സഅബീൽ, പാലസ് റെസിഡൻസ്, ദുബൈ ഹിൽസ് എസ്റ്റേറ്റ് എന്നിവയുൾപ്പെടെയുള്ള ചില പദ്ധതികൾ ഏഴ് ദിവസത്തിനുള്ളിൽ 2,500 യൂണിറ്റുകൾ വീതം വിറ്റഴിച്ചു. 2024 ജനുവരി-ജൂൺ മാസങ്ങളിൽ 870 കോടി ദിർഹം മൂല്യമുള്ള 50 നിർമാണ കരാറുകൾ കമ്പനി നൽകിയെന്ന് ഇമാർ പ്രോപ്പർട്ടീസിന്റെ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു.
10.5 കോടി സന്ദർശകരുള്ള, 2023-ൽ ഭൂമിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച സ്ഥലമായ ദുബൈ മാൾ ഇമാറിനു കീഴിലാണ്. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024-ന്റെ ആദ്യ പകുതിയിൽ സന്ദർശകർ എട്ട് ശതമാനം വർധന രേഖപ്പെടുത്തി. ദുബൈ ഓപറ 250,000 കാണികളെ ആകർഷിച്ച് റെക്കോർഡിട്ടു.