National
സൗജന്യ അരിയും പണവും ആളുകളെ മടിയൻമാരാക്കുന്നുവെന്ന് സുപ്രീം കോടതി
റേഷൻ, പണം തുടങ്ങിയ സൗജന്യ സൗകര്യങ്ങൾ കാരണം ആളുകൾക്ക് ജോലി ചെയ്യാൻ താത്പര്യമില്ലാതെയാകുന്നുവെന്ന് ബെഞ്ച് വിലയിരുത്തി
![](https://assets.sirajlive.com/2024/10/supr-897x538.jpg)
ന്യൂഡൽഹി | തിരഞ്ഞെടുപ്പു കാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളും സൗജന്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. റേഷൻ, പണം തുടങ്ങിയ സൗജന്യ സൗകര്യങ്ങൾ കാരണം ആളുകൾക്ക് ജോലി ചെയ്യാൻ താത്പര്യമില്ലാതെയാകുന്നുവെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും അഗസ്റ്റിൻ ജോർജ്ജ് മസിഹയും അടങ്ങിയ ബെഞ്ച് വിലയിരുത്തി. നഗരപ്രദേശങ്ങളിൽ വസിക്കുന്ന വീടില്ലാത്തവർക്ക് അഭയം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സൗജന്യങ്ങൾ നൽകി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗർഭാഗ്യകരമാണന്ന് കോടതി പറഞ്ഞു. ജോലി ചെയ്യാതെ തന്നെ പണം കൈയിലെത്തുകയും സൗജന്യ റേഷൻ നൽകുകയും ചെയ്യുന്നത് ജനങ്ങളെ കൂടുതൽ മടിയന്മാരാക്കുന്നുവെന്ന് ജസ്റ്റിസ് ഗവായി പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങള്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ തൊഴില്‍ ശക്തി കുറക്കുന്നുവെന്നും കോടതി പരാമര്‍ശിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ അനുകമ്പ സമ്പന്നര്‍ക്ക് മാത്രമാണെന്ന അഭിഭാഷകന്റെ വാദത്തെ ജസ്റ്റിസ് ഗവായ് അപലപിച്ചു. രാഷ്ട്രിയ പ്രസംഗം നടത്താന്‍ ഇത് രാംലില മൈദാനമല്ലെന്നും ഇവിടെ അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി മുറിയെ രാഷ്ട്രീയ തട്ടകമാക്കാന്‍ സമ്മതിക്കുകയില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
പണിയുണ്ടെങ്കില്‍ ആളുകള്‍ പണിക്കു പോവുമെന്ന് പറഞ്ഞ അഡ്വ. പ്രശാന്ത് ഭൂഷണ് മറുപടിയായി ഞാനൊരു കര്‍ഷക ഗ്രാമത്തില്‍ നിന്നും വരികാണെന്നും റേഷന്‍ അരി സൗജന്യമായി ലഭിക്കുന്നത് കൊണ്ട് അവിടെ ആളുകള്‍ പണിക്ക് പോവാതിരിക്കുകയാണെന്നും ജസ്റ്റിസ് ഗവായി പറഞ്ഞു. വിഷയത്തിന്റെ ഒരു വശം മാത്രമേ അഡ്വ. പ്രശാന്ത് ഭൂഷന്‍ പരാമര്‍ശിക്കുന്നുള്ളൂ എന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു
നഗരപ്രദേശങ്ങളിലെ ഭവനരഹിതർക്ക് പാർപ്പിടം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. എന്നാൽ, നഗര ദാരിദ്ര്യ നിർമാർജന ദൗത്യം എത്ര സമയത്തിനുള്ളിൽ നടപ്പാക്കാമെന്ന് കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
കേസ് ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.