Kerala
വിഴിഞ്ഞം സമരം; ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തുറമുഖ നിര്‍മാണം നിലച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്തണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം | വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയതുള്‍പ്പെടെയുള്ള ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനുശിവരാമന്റെ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. തുറമുഖ നിര്‍മാണം നിലച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്തണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. സമരം ഒത്തുതീര്‍പ്പായതിനാല്‍ സുരക്ഷക്ക് കേന്ദ്രസേന വേണ്ടെന്ന കാര്യവും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
അതിനിടെ, പ്രശ്‌നത്തില്‍ സമവായം രൂപപ്പെട്ട പശ്ചാത്തലത്തില്‍ എല്‍ ഡി എഫിന്റെ വിഴിഞ്ഞം പ്രചാരണ ജാഥ ഒഴിവാക്കി. സമര സമിതിയുടെ ആവശ്യങ്ങളില്‍ ചിലത് മാത്രം അംഗീകരിച്ചു കൊണ്ടാണ് സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് 140 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതായുള്ള സമരസമിതിയുടെ പ്രഖ്യാപനമുണ്ടായത്.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന വീട്ടുവാടക 5,500ല്‍ നിന്ന് 8,000 ആക്കണമെന്നും അധികമായി നല്‍കേണ്ട 2,500 രൂപ സര്‍ക്കാര്‍ തന്നെ നല്‍കണമെന്നുമാണ് സമരസമിതി ആവശ്യപ്പെട്ടത്. 2,500 രൂപ അദാനിയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്ന് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കാതിരുന്ന സമരസമിതി 5,500 തന്നെ വാടക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തെ അധിക വാടക അഡ്വാന്‍സ് ആയി സര്‍ക്കാര്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ളാറ്റ് നിര്‍മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതിയില്‍ പ്രദേശിക പ്രതിനിധിയെ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുണ്ടോയെന്ന് പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്ക്കരിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പട്ട് ജുഡീഷ്യല്‍ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടു വച്ചിരുന്നു. ഇതില്‍ ചിലത് മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
തീരശോഷണം പഠിക്കുന്ന വിദഗ്ധ സമിതിയില്‍ പ്രാദേശിക പ്രതിനിധിയെ ഉള്‍പ്പെടുത്തില്ല. പകരം മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഉറപ്പുകള്‍ ാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയെയും തുറമുഖ സെക്രട്ടറിയെയും ഉള്‍പ്പെടുത്തി സമിതി രൂപവത്ക്കരിക്കും. മത്സ്യബന്ധനം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്ന ദിവസങ്ങളില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി.