editorial
വാഹനാപകട ഇരകൾക്ക് പണരഹിത ചികിത്സ
അപകടത്തിൽപ്പെട്ട് പരുക്കേൽക്കുന്നവരുടെ ആദ്യമണിക്കൂർ നിർണായകമാണ്. ആ സമയത്ത് കൃത്യ വൈദ്യസഹായം ലഭിച്ചാൽ മരണം വലിയൊരളവോളം ഇല്ലാതാക്കാൻ സാധിക്കും. പല കേസുകളിലും അപകടങ്ങൾ സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഇരകൾ ആശുപത്രിയിലെത്തുന്നത്.
റോഡപകടങ്ങളിൽ പെടുന്നവർക്ക് ആശ്വാസമായി പണരഹിത ചികിത്സ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗാഡ്ഗരി. അപകടങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ എന്നിവയുമായി ചേർന്ന് നാഷനൽ ഹെൽത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ അസം, ഛണ്ഡീഗഢ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഇതിനകം 6,480 പേർക്ക് സഹായം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചാൽ അപകടം സംഭവിച്ച ആദ്യമണിക്കൂറുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി 50,000 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ-സംസ്ഥാന പാതകൾക്ക് മാത്രമല്ല, ജില്ല, നഗര, ഗ്രാമപഞ്ചായത്ത് റോഡുകൾക്കും ഈ പദ്ധതി ബാധകമാകും. വാഹനാപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി സർക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. 2022ലായിരുന്നു ഒരു ഉത്തരവ്.
1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്്ഷൻ 162 പ്രകാരം അപകടത്തിൽപ്പെടുന്നവർക്ക് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കാനും സെക്്ഷൻ 164 ബി പ്രകാരം മോട്ടോർ വാഹനാപകട ഫണ്ട് തയ്യാറാക്കാനുമാണ് അന്ന് കോടതി നിർദേശിച്ചത്. ഈ മാസം എട്ടിനായിരുന്നു ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരങ്ങിയ സുപ്രീംകോടതി ബഞ്ചിന്റെ മറ്റൊരു ഉത്തരവ്. അപകടത്തിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറിൽ പണരഹിത ചികിത്സ ലഭ്യമാക്കണമെന്നാണ് ഈ വിധിപ്രസ്താവത്തിൽ ആവശ്യപ്പെട്ടത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും അപകടത്തിൽപ്പെടുന്നവരുടെ ആദ്യമണിക്കൂർ (സുവർണ മണിക്കൂർ) നിർണായകമാണെന്നും കോടതി ഓർമിപ്പിച്ചു.
മാർച്ച് 14നകം ഇതുസംബന്ധിച്ച് പദ്ധതി തയ്യാറാക്കി സമർപ്പിക്കണമെന്നും കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അപകടത്തിൽപ്പെട്ട് പരുക്കേൽക്കുന്നവരുടെ ആദ്യമണിക്കൂർ നിർണായകമാണ്. ആ സമയത്ത് കൃത്യ വൈദ്യസഹായം ലഭിച്ചാൽ മരണം വലിയൊരളവോളം ഇല്ലാതാക്കാൻ സാധിക്കും. പല കേസുകളിലും അപകടങ്ങൾ സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഇരകൾ ആശുപത്രിയിലെത്തുന്നത്. ശ്രദ്ധയിൽപ്പെട്ടാലും അപകട സ്ഥലത്തുള്ളവർ സഹായത്തിനു മുന്നോട്ടുവരില്ല. കാഴ്ചക്കാരായി മാറിനിൽക്കും. അല്ലെങ്കിൽ കാണാത്ത ഭാവത്തിൽ നടന്നുനീങ്ങും. ഇതുമൂലം നടുറോഡിൽ പിടഞ്ഞുമരിക്കുന്നവർ നിരവധി. നിയമത്തിന്റെ നൂലാമാലകളും സാമ്പത്തിക ബാധ്യതയും ഭയന്നാണ് ആളുകൾ സഹായിക്കാൻ വിമുഖത കാണിക്കുന്നത്. ഇതിനൊരു പരിഹാരമായി 2021ൽ കേന്ദ്രം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിട്ടും യഥാസമയം ചികിത്സ ലഭിക്കാതെ മരണം സംഭവിക്കുന്ന കേസുകൾക്ക് കുറവില്ല.
ലോകത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. 2012നും 2022നുമിടയിൽ വാഹനാപകടങ്ങളിൽ രാജ്യത്ത് 13 ലക്ഷം ജീവൻ നഷ്ടമായെന്നാണ് കണക്ക്. 2023 നവംബറിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 1,68,491 പേരാണ് 2022ൽ റോഡപകടങ്ങളിൽ മരിച്ചത്. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങൾ സംഭവിക്കുകയും 19 ഇരകൾ മരണപ്പെടുകയും ചെയ്യുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും അപകടം സംഭവിച്ച ഉടനെ തന്നെ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ പകുതി പേരെയും രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഇരക്ക് അടിയന്തര പരിചരണവും സഹായവും നൽകുന്നതിൽ സംഭവസ്ഥലത്തുളളവരുടെ പങ്ക് നിർണായകമാണ്. ഇത് കണക്കിലെടുത്ത് ഇരകളെ സഹായിക്കുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തീരുമാനിക്കുകയാണ് കേന്ദ്രം.
നിലവിലെ 5,000 രൂപ അഞ്ചിരട്ടി വർധിപ്പിച്ച് പാരിതോഷിം 25,000 രൂപയായി ഉയർത്തുമെന്ന് അടുത്തിടെ നാഗ്പൂരിൽ നടന്ന റോഡ് സുരക്ഷാ പരിപാടിയിൽ മന്ത്രി നിതിൻ ഗാഡ്ഗരി പ്രഖ്യാപിച്ചു. പാരിതോഷികം വർധിപ്പിക്കുന്നതോടൊപ്പം അപകടത്തിൽപ്പെട്ടയാളെ സഹായിക്കുന്നവരെ നിയമത്തിന്റെ കുരുക്കിൽ പെടുത്തി കഷ്ടപ്പെടുത്തുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ട്. അപകടസ്ഥലങ്ങളിൽ സഹായിക്കാനെത്തുന്നവരെ കഷ്ടപ്പെടുത്തരുതെന്ന് കോടതികൾ പലവുരു ആവർത്തിച്ചതുമാണ്.
പരുക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് കൊണ്ടു മാത്രമായില്ല, യഥാസമയം ചികിത്സ ഉറപ്പാക്കുകയും വേണം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതു മൂലം മരണപ്പെട്ട സംഭവങ്ങൾ പലപ്പോഴും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ല. പ്രത്യേകിച്ചും സീനിയർ ഡോക്ടർമാരുടെ കുറവും അഭാവവും പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഉള്ളവർ തന്നെ നീണ്ട ലീവെടുത്ത് സ്വകാര്യ ആശുപത്രികളിലോ വിദേശരാജ്യങ്ങളിലോ ജോലി ചെയ്യുകയാണ്. തിരുവനന്തപുരം നഗരമധ്യത്തിലുണ്ടായ ഒരപകടത്തിൽ പരുക്കേറ്റയാളെ പെട്ടെന്ന് മെഡിക്കൽ കോളജിൽ എത്തിച്ചിട്ടും ചികിത്സ കിട്ടാതെ മരിക്കുകയും മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെ സീനിയർ ഡോക്ടർമാരുടെ അഭാവമാണ് ചികിത്സ വൈകാനിടയാക്കിയത്. ആശുപത്രികൾ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങൾ കൂടി പരിഹൃതമായെങ്കിലേ പണരഹിത ചികിത്സാ പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്യൂ.