editorial
ടാര്‍പോളിനിട്ട് മൂടുന്ന സ്വാതന്ത്ര്യം
ഹൈന്ദവ പുരാണത്തിലെ പ്രഹ്‌ളാദന്റെ കഥയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തീര്‍ത്തും സമാധാനപരമായി ആഘോഷിക്കേണ്ട ഹോളി, രാജ്യത്തെ ഇതര മതസ്ഥരുടെ ഉറക്കവും സമാധാനവും കെടുത്തുന്ന ഒരു ചടങ്ങായി മാറിയത് ദുഃഖകരമാണ്. ഹോളിയുടെ പേരില്‍ മറ്റു മതസ്ഥര്‍ക്ക് അവരുടെ മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

ഹോളിയും മുസ്‌ലിംകളുടെ പ്രധാന ആരാധനാ ചടങ്ങായ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരവും ഒരേ ദിവസമായതോടെ ഇന്ന് കനത്ത ആശങ്കയിലും ഭീതിയിലുമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍. ജുമുഅ നിസ്‌കാരത്തിന് പുറത്തിറങ്ങാന്‍ പറ്റാതെ വരുമോ എന്ന ആശങ്കക്കപ്പുറം ചില ബി ജെ പി നേതാക്കള്‍ നടത്തിയ പ്രസ്താവനകളില്‍ നിന്ന് ഒരു വര്‍ഗീയ സംഘര്‍ഷ സാധ്യത കൂടി മുന്നില്‍ കാണുന്നുണ്ട് മുസ്‌ലിം സമൂഹം. “ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുത്. വീട്ടില്‍ തന്നെ ഇരുന്നുകൊള്ളണ’മെന്നാണ് ബിഹാറില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ ഹരിഭൂഷന്‍ ഠാക്കൂറിന്റെ ഭീഷണി. പുറത്തിറങ്ങിയാല്‍ മുസ്‌ലിംകളുടെ മേല്‍ നിറം വിതറുമെന്ന സൂചനയും നല്‍കി അദ്ദേഹം.
ഉത്തര്‍ പ്രദേശ് സംഭലിലെ ഡിവൈ എസ് പി അനുരാജ് ചൗധരിയും നടത്തി സമാനമായ പ്രസ്താവന. വര്‍ഷത്തില്‍ 52 തവണ ആചരിക്കുന്നതാണ് മുസ്‌ലിംകള്‍ ജുമുഅ നിസ്‌കാരം. ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. വസ്ത്രത്തില്‍ നിറങ്ങള്‍ വിതറുന്നതില്‍ പ്രയാസമുള്ള മുസ്‌ലിംകള്‍ പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കട്ടെ എന്നാണ് ഡി വൈ എസ് പിയുടെ നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തു വന്നിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാനെന്ന പേരില്‍ സംഭല്‍ മേഖലയിലെ 1,015 മുസ്‌ലിംകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഭരണകൂടം. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനു പകരം ഹിന്ദുത്വരെ തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും കൈക്കൊള്ളുന്നത്.
സംഭലിലെ പത്ത് പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടുകയും ചെയ്തിട്ടുണ്ട് അധികൃതര്‍. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ക്ഷേത്രം പൊളിച്ചുമാറ്റി നിര്‍മിച്ചതാണ് സംഭലിലെ മസ്ജിദെന്ന വ്യാജ അവകാശവാദവുമായി ഹിന്ദുത്വര്‍ രംഗപ്രവേശം ചെയ്ത സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശമാണ് ഇവിടം. യു പിയിലെ തന്നെ ഷാജഹാന്‍പൂരിലും എഴുപത് പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടിയിട്ടുണ്ട്. ഹോളി വലിയ തോതില്‍ ആഘോഷിക്കുന്ന പ്രദേശമാണ് ഷാജഹാന്‍പൂര്‍. നിറങ്ങള്‍ വിതറുന്നതിനു പുറമെ ചെരിപ്പുകള്‍ വലിച്ചെറിയുന്ന ആചാരവും നടക്കാറുണ്ട് ഷാജഹാന്‍പൂരില്‍. ചെരിപ്പേറില്‍ പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പള്ളികളില്‍ നിറം പുരളാതിരിക്കാനുമായി മുസ്‌ലിം നേതാക്കളും സംഘടനകളുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടിയതെന്നാണ് അധികൃതരുടെ ഭാഷ്യം.
ഇതിനു പിന്നാലെ ജുമുഅ നിസ്‌കാരത്തിനു പോകുന്ന മുസ്‌ലിം പുരുഷന്മാരും ടാര്‍പോളിന്‍ കൊണ്ടുള്ള ഹിജാബ് ധരിക്കട്ടെയെന്നാണ് യു പിയിലെ പ്രമുഖ ബി ജെ പി നേതാവായ രഘുരാജ് സിംഗിന്റെ പരിഹാസ പ്രസ്താവന. ഹോളി ആഘോഷിക്കുന്നവരോട് ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രം നിറം വിതറണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. മുസ്‌ലിംകള്‍ക്ക് വസ്ത്രത്തില്‍ നിറം ആകാതിരിക്കണമെന്നുണ്ടെങ്കില്‍ ടാര്‍പോളിന്‍ കൊണ്ടുള്ള ഹിജാബാണ് പരിഹാരമെന്നായിരുന്നു ഉത്തര്‍ പ്രദേശ് തൊഴില്‍മന്ത്രാലയത്തിലെ ഉന്നത ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ രഘുരാജ് സിംഗിന്റെ ഉപദേശം.
രണ്ട് ആചാരങ്ങളും ഒരേ ദിവസമായതിനെ ചൊല്ലി സംഘര്‍ഷം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ മുസ്‌ലിംകള്‍ പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഹോളി ആഘോഷം തടസ്സമില്ലാതെ നടത്തുന്നതിന് സംഭലില്‍ ഉച്ചക്ക് ഒന്നിന് നടത്തുന്ന ജുമുഅ നിസ്‌കാരം ഒരു മണിക്കൂര്‍ പിന്തിപ്പിക്കുമെന്ന് സ്ഥലത്തെ മതനേതാക്കള്‍ അറിയിച്ചിരിക്കുകയാണ്. എങ്കിലും ഹോളിയുടെ മറവില്‍ ഹിന്ദുത്വ ഫാസിസം അക്രമം അഴിച്ചുവിടുമോ എന്ന ആശങ്ക ശക്തമാണ്. നേരത്തേ ഹോളിയുടെ മറവില്‍ ഹിന്ദുത്വര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹോളി ദിനത്തില്‍ ഉത്തര്‍ പ്രദേശില ധാംപൂരില്‍ ചികിത്സാര്‍ഥം ഡോക്ടറുടെ അടുത്തേക്ക് പോകുകയായിരുന്ന ദില്‍ശാദ് എന്ന മുസ്‌ലിം യുവാവിനെയും മാതാവിനെയും സഹോദരിയെയും ഹോളി ആഘോഷക്കാര്‍ തടഞ്ഞ് ചായം വിതറുകയും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച യുവാവ് ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തു. “ജയ്ശ്രീറാം ഹരഹര മഹാദേവ്’ എന്ന് വിളിച്ചായിരുന്നു അക്രമം. 2019ല്‍ ഹോളി ദിനത്തില്‍ ഹരിയാനയില്‍ മുസ്‌ലിം കുട്ടികള്‍ ക്രിക്കറ്റ് കളിച്ചതിന്റെ പേരില്‍ കുടുംബത്തിനു നേരെ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണമാണ് നടന്നത്. പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിച്ചോളൂ എന്നാക്രോശിച്ചാണ് വടികളും വാളുകളുമായി സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ സ്ത്രീകളടക്കം കുടുംബത്തെ ഒന്നടങ്കം അക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന 25,000 രൂപയും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തു.
വസന്ത കാലത്തെ വരവേല്‍ക്കാനായി ഹൈന്ദവ സമൂഹത്തില്‍ ഒരു വിഭാഗം ആഘോഷിച്ചു വരുന്നതാണ് നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോളി. വിവിധ നിറങ്ങളിലുള്ള പൊടികള്‍ പരസ്പരം പുരട്ടിയും വാരിവിതറിയുമാണ് ഇത് ആഘോഷിക്കുന്നത്. ഹൈന്ദവ പുരാണത്തിലെ പ്രഹ്‌ളാദന്റെ കഥയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തീര്‍ത്തും സമാധാനപരമായി ആഘോഷിക്കേണ്ട ഹോളി, രാജ്യത്തെ ഇതര മതസ്ഥരുടെ ഉറക്കവും സമാധാനവും കെടുത്തുന്ന ഒരു ചടങ്ങായി മാറിയത് ദുഃഖകരമാണ്. ഹോളിയുടെ പേരില്‍ മറ്റു മതസ്ഥര്‍ക്ക് അവരുടെ മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ.
രണ്ട് ആചാരങ്ങള്‍ ഒരേ ദിവസം വരുമ്പോള്‍ ഒരു വിഭാഗത്തിന്റെ ആചാരങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സമീപനമല്ല, സമാധാനപരമായ രീതിയില്‍ രണ്ടും ആചരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിവിധ ബി ജെ പി നേതാക്കളും നടത്തിയ മുസ്‌ലിംകളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും കരുതല്‍ നടപടിയെന്ന പേരില്‍ മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതും ഖേദകരമായിപ്പോയി. മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളും വളയുമെന്ന പഴഞ്ചൊല്ലാണ് ഇത്തരുണത്തില്‍ ഓര്‍മയില്‍ വരുന്നത്.