Connect with us

Articles

സ്വാതന്ത്ര്യമാണ് ജീവിതം!

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഗോത്രവര്‍ഗങ്ങളും പിന്നാക്ക വിഭാഗങ്ങളും കടുത്ത നിരാശയിലും ഭയപ്പാടിലുമാണ്. ലോകത്തൊരിടത്തും കാണാത്ത ക്രൂരതകളാണ് മോദീ കാലത്ത് തിമര്‍ത്താടുന്നത്.

Published

|

Last Updated

സ്വാതന്ത്ര്യാനന്തരമുള്ള രാഷ്ട്രത്തിന്റെ പേര് ഹിന്ദുസ്ഥാനും ഹിന്ദും ആര്‍ഷഭാരതവും വേണ്ട, ‘ഇന്ത്യ’ മതി എന്ന് തീരുമാനിച്ചതിലൂടെ രൂപപ്പെട്ട സമ്പൂര്‍ണ സ്വതന്ത്ര ബഹുസ്വര നാടാണ് നമ്മളുടേത്. ‘ദൈവനാമത്തില്‍’ എന്ന വാക്കോടെയാണ് ഇന്ത്യന്‍ ഭരണഘടന ആരംഭിക്കേണ്ടത് എന്ന നിര്‍ദേശം വോട്ടിനിട്ട് തള്ളിയ ചരിത്ര പശ്ചാത്തലത്തില്‍ പാകപ്പെട്ട മതേതര അടിത്തറയാണ് ഇന്ത്യയുടേത്.

ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണനകളില്ലാതെ യൂണിയന്‍ പ്രസിഡന്റ്-പ്രധാനമന്ത്രി പദവികളില്‍ സഹോദര മതസ്ഥരെ സ്വീകരിച്ചിരുത്തിയ ഇന്നലെകള്‍ സമ്മാനിച്ച ഖ്യാതിയില്‍ രൂപംകൊണ്ട ജനാധിപത്യത്തിന്റെ മനോഹാര്യതയുടെ ആകെത്തുകയാണ് ഇന്ത്യ.

ഒരു രാജ്യത്തിന്റെ പുരോഗതി കുടികൊള്ളുന്നത് തദ്ദേശീയരുടെ സമാധാനത്തിലും സംതൃപ്തിയിലുമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഗോത്രവര്‍ഗങ്ങളും പിന്നാക്ക വിഭാഗങ്ങളും കടുത്ത നിരാശയിലും ഭയപ്പാടിലുമാണ്. ലോകത്തൊരിടത്തും കാണാത്ത ക്രൂരതകളാണ് മോദീ കാലത്ത് തിമര്‍ത്താടുന്നത്. സ്ത്രീത്വം ഇത്രമേല്‍ അപമാനിതമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടേയില്ല. ഭൂമിയിലെവിടെയും സംഘ്പരിവാര്‍ ഇന്ത്യയിലെപ്പോലെ മനുഷ്യജീവന് വിലയിടിഞ്ഞത് ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കുമാവില്ല. പശുക്കടത്ത് ആരോപിച്ച് പച്ചമനുഷ്യരെ ചുട്ടുകൊല്ലുന്ന ഭീകരത മറ്റെവിടെ നിന്നാണ് കേള്‍ക്കാനാവുക?

നിയമപാലകന്‍ തന്നെ ട്രെയിനിലിട്ട് നാലു പാവം മനുഷ്യരെ അവരുടെ മതം നോക്കി വെടിവെച്ച് കൊന്ന സംഭവം രാജ്യത്തുണ്ടാക്കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും മാറ്റി നിര്‍ത്തലും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മുഖത്തേല്‍പ്പിച്ച കരുവാളിപ്പ് സമീപകാലത്തൊന്നും മായാനിടയില്ല. ക്രൂരതകളും കൊടിയ അനീതിയും ആവര്‍ത്തിക്കാതിരിക്കാനുള്ള ലക്ഷണമൊന്നും ഇന്ത്യന്‍ ഫാഷിസ്റ്റുകളില്‍ പ്രകടമല്ല. സമാനതകളില്ലാത്ത പൈശാചികതകള്‍ മനുഷ്യ മനസ്സുകളിലുണ്ടാക്കുന്ന ഭീതി വിവരണാതീതമാണ്.

121 രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെട്ട ആഗോള പട്ടിണി സൂചികയില്‍ 107-ാം സ്ഥാനത്താണ് ഇന്ത്യ. 180 രാജ്യങ്ങള്‍ ഉള്‍പെട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. മുന്‍ വര്‍ഷത്തെ 150-ല്‍ നിന്നാണ് പന്ത്രണ്ട് മാസം കൊണ്ട് 161-ലേക്കുള്ള ഈ കൂപ്പുകുത്തല്‍. 191 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മാനവവിഭവശേഷി വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ആഗോള ജനാധിപത്യസൂചികയില്‍ ഇന്ത്യ 108-ാം സ്ഥാനത്താണ്.

അന്താരാഷ്ട്ര സന്തോഷ സൂചികയില്‍ 126-ാം സ്ഥാനമാണ് നമ്മളുടേത്. ആഗോള സമാധാന സൂചികയില്‍ 136-ാം പടിയിലാണ് ഇന്ത്യ. ലിംഗ അസമത്വ സൂചികയില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യയുടെ നില്‍പ്പ്. ശതകോടീശ്വരന്‍മാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 169-ല്‍ എത്തിയ കാലത്തുതന്നെയാണ് പട്ടിണി സൂചികയിലെ നമ്മുടെ രാജ്യത്തിന്റെ വന്‍ ‘കുതിച്ചുചാട്ടം’ എന്നോര്‍ക്കുക.

മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ നമുക്ക് തിരിച്ചു പിടിക്കണം. ജവഹര്‍ലാലിന്റെ നാടിനെ നമുക്ക് പുനസൃഷ്ടിക്കണം. മൗലാനാ ആസാദിന്റെ രാജ്യത്തെ നമുക്ക് പുനരാവിഷ്‌കരിക്കണം. ഫാഷിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘിസത്തെ എന്നന്നേക്കുമായി ഇന്ത്യന്‍ മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കണം.

എല്ലാവര്‍ക്കും ഹൃദ്യമായ സ്വാതന്ത്യദിനാശംസകള്‍.

---- facebook comment plugin here -----

Latest