Editorial
വസ്ത്ര സ്വാതന്ത്ര്യവും വിമർശന സ്വാതന്ത്ര്യവും
ശരീരം മുഴുവന്‍ മറയുന്ന വസ്ത്രവും പാതി മറയുന്ന വസ്ത്രവും അണിയാനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ മൗലികാവകാശമാണ്. അതേസമയം ഈ രണ്ട് രീതിയെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യപരമാണ്.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. ‘ബോച്ചെയുടെ വാക്കുകള്‍ക്ക് മിതത്വം വേണം. ദ്വയാര്‍ഥം വരുന്ന വാക്കുകള്‍ സംസാരിക്കാന്‍ പാടില്ല. ലൈംഗിക ചുവയോടെ സംസാരിക്കരുത്. എന്നാല്‍ അതേ മാന്യത വസ്ത്രധാരണത്തില്‍ ഹണി റോസിനും വേണ്ടേ?’ എന്ന വാക്കുകളാണ് ചിലര്‍ സ്ത്രീവിരുദ്ധമായി ആക്ഷേപിക്കുന്നതും ഇതേചൊല്ലി രാഹുലിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതും. എന്നാല്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും മുമ്പേ പ്രകടിപ്പിച്ചതാണ് വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ മാന്യത പുലര്‍ത്തണമെന്ന അഭിപ്രായം.
പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസ്, മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗം ആശാമിര്‍ജെ, മുന്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവി, ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന ആര്‍ കെ ഗുപ്ത തുടങ്ങിയവര്‍ രാഹുല്‍ ഈശ്വറിന്റേതിനു സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ‘സ്ത്രീപീഡനത്തിനുത്തരവാദികള്‍ ഒരു പരിധി വരെ സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകളുടെ മോശം വസ്ത്രധാരണവും പെരുമാറ്റവും അനുചിത സ്ഥലങ്ങളിലേക്കുള്ള പോക്കുമാണ് അവര്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണ’മെന്നായിരുന്നു ആശാമിര്‍ജെയുടെ പ്രസ്താവന. അല്‍പ്പ വസ്ത്രധാരികളായ താരറാണിമാരാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതിലെ പ്രധാന ഘടകമെന്നായിരുന്നു ജസ്റ്റിസ് ശ്രീദേവിയുടെ പ്രസ്താവം.
2014 ഒക്ടോബറില്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ പരിപാടിയില്‍ സംസാരിക്കവെയാണ് കെ ജെ യേശുദാസ് സ്ത്രീകളുടെ അമാന്യമായ വസ്ത്രധാരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ‘കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് പെണ്‍കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ഇറുകിയ ജീന്‍സ് ധരിക്കുന്നതും ശരീരപ്രദര്‍ശനം നടത്തുന്നതും നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇത്തരം സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വേഷം ധരിച്ചെത്തുന്നത് പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ തന്നെ എന്തിനാണ് സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചു വെക്കേണ്ടത് മറച്ചു വെക്കണം. ആകര്‍ഷക വേഷം ധരിച്ച് വേണ്ടാതീനം ചെയ്യാന്‍ പ്രേരിപ്പിക്കരുത്’- യേശുദാസ് പറഞ്ഞു.
ജസ്റ്റിസ് കൃഷ്ണയ്യര്‍ ഒരിക്കല്‍ പറഞ്ഞു, ‘സ്ത്രീകളുടെ മാദകമായ വസ്ത്രധാരണ രീതിയും ചേഷ്ടകളും കാരണം മതിമറന്ന് താത്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷന്‍ ബലാത്സംഗം ചെയ്യുന്നത്. അര്‍ധ, പൂര്‍ണ നഗ്‌നകളായി നൃത്തങ്ങളിലൂടെ ജനവികാരത്തെ ഉദ്ദീപിപ്പിക്കുന്ന പരസ്യ സംസ്‌കാരം എന്ന് അവസാനിപ്പിക്കുന്നുവോ അന്നേ സ്ത്രീപീഡനങ്ങള്‍ക്ക് അറുതി വരികയുള്ളൂ.’ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന ആര്‍ കെ ഗുപ്തയുടെ വാക്കുകള്‍; ‘വസ്ത്രധാരണ രീതിയില്‍ സ്ത്രീകള്‍ കുറേക്കൂടി ശ്രദ്ധാലുക്കളാകുകയും തങ്ങളുടെ പരിധി തിരിച്ചറിയുകയും അസുരക്ഷിത സ്വഭാവം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അമ്പത് ശതമാനം കുറവുണ്ടാകും’. തന്റെ കേസ് അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഗുപ്ത ഈ കാഴ്ചപ്പാടിലെത്തിയത്.
2021 ജൂണില്‍ താന്‍സാനിയയില്‍ ഇറുകിയ പാന്റ് ധരിച്ച് പാര്‍ലിമെന്റില്‍ വന്ന ഒരു വനിതാ എം പിയെ സ്പീക്കര്‍ പുറത്താക്കി. പാര്‍ലിമെന്റിനെ അവഹേളിക്കുന്ന തരത്തിലാണ് ചില വനിതാ അംഗങ്ങള്‍ വസ്ത്രം ധരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഒരു പുരുഷ എം പി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനിതാ എം പി സ്വീക്വേലിനോട് സഭയില്‍ നിന്ന് പുറത്തുപോകാനും മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച് വരാനും സ്പീക്കര്‍ ജോബ് എന്‍ഡുഗൈ ആവശ്യപ്പെട്ടത്.
പെണ്ണിനെ തുറിച്ചു നോക്കുന്നതും അവരെ ശല്യം ചെയ്യുന്നതും നിയമപരമായി കുറ്റമാണെങ്കിലും നഗ്‌നതയും അര്‍ധനഗ്‌നതയും പുരുഷനെ ഈ പ്രവണതകളിലേക്ക് നയിക്കുന്നുവെന്നത് വസ്തുതയാണ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു ഇന്ന് പൊതു വാഹനങ്ങളിലെ യാത്ര. ബസുകളിലും ട്രെയിനുകളിലുമൊക്കെ യാത്രക്കരായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് പതിവു വാര്‍ത്തയാണ്. ഇത്തരം സംഭവങ്ങള്‍ പഠന വിധേയമാക്കിയവര്‍ പറയുന്നത്, മാന്യമായി വസ്ത്രം ധരിക്കാത്ത, ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിധം വസ്ത്രം ധരിച്ച സ്ത്രീകളാണ് ഇരകളില്‍ ബഹുഭൂരിഭാഗവുമെന്നാണ്. മാന്യമായ വസ്ത്രം ധരിച്ച സ്ത്രീക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ അപൂര്‍വമാണ്. പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യ ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പേ-മാധവിക്കുട്ടിയായിരുന്ന കാലത്ത്- വെളിയില്‍ ഇറങ്ങുമ്പോള്‍ പര്‍ദ ധരിച്ചിരുന്നതായി അവര്‍ എഴുതിയിട്ടുണ്ട്. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ വസ്ത്രം പര്‍ദയാണെന്നാണ് ഇതിനവര്‍ പറഞ്ഞ കാരണം.
ഇന്ത്യയില്‍ ആര്‍ക്കും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ശരീരം മുഴുവന്‍ മറയുന്ന വസ്ത്രവും പാതി മറയുന്ന വസ്ത്രവും അണിയാനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ മൗലികാവകാശമാണ്. അതേസമയം ഈ രണ്ട് രീതിയെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യപരമാണ്. എന്നാല്‍ പര്‍ദ പോലുള്ള ശരീരം പൂര്‍ണമായി മറക്കുന്ന വസ്ത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്ന ‘സ്വീകാര്യത’ അല്‍പ്പ വസ്ത്രധാരികള്‍ക്ക് നേരെയുള്ള വിമര്‍ശനത്തിന് ലഭിക്കുന്നില്ലെന്നത് ഇരട്ടത്താപ്പല്ലേ? ആരോഗ്യകരമായ വിമര്‍ശങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും അത്തരം വിമര്‍ശകരെ കോടതി കയറ്റുന്നതും ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ല.