Editorial
സഞ്ചാര സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം
ജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് സര്‍ക്കാര്‍ റോഡുകള്‍ നിര്‍മിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റു സംഘടനകളുടെയോ പരിപാടികള്‍ സംഘടിപ്പിക്കാനല്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡുകള്‍ കൈയേറുന്നത് നിയമവിരുദ്ധമാണ്.
ഗതാഗത തടസ്സം സൃഷിച്ച് പൊതുനിരത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുസുരക്ഷയുടെ ഉത്തരവാദപ്പെട്ട ട്രസ്റ്റിയായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ആസ്ഥാനത്തിന്റെ കണ്‍മുന്നിലാണ് നഗ്നമായ നിയമലംഘനങ്ങള്‍ നടക്കുന്നത്. സര്‍ക്കാറിന്റെ കഴിവുകേടിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം നിയമലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിനാകില്ലെങ്കില്‍ കോടതി സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കൊട്ടിയടച്ച് രാഷ്ട്രീയ സമ്മേളനം നടത്തിയതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശവും നല്‍കി ഡിവിഷന്‍ ബഞ്ച്.
ജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് സര്‍ക്കാര്‍ റോഡുകള്‍ നിര്‍മിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റു സംഘടനകളുടെയോ പരിപാടികള്‍ സംഘടിപ്പിക്കാനല്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡുകള്‍ കൈയേറുന്നത് നിയമവിരുദ്ധമാണ്. പാതയോരങ്ങളില്‍ പോലും ജനസഞ്ചാരത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനും കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനുമെതിരെ കോടതി പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ കോടതി ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയാണ് ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കു മുമ്പില്‍ തിരക്കേറിയ റോഡിന്റെ 150 മീറ്റര്‍ കൊട്ടിയടച്ച് സി പി എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരികയും ജനരോഷം ഉയരുകയും ചെയ്തിരുന്നു.
ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് പിശക് സംഭവിച്ചു.
മേലില്‍ ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു മാന്യമായ നിലപാടാണ്. എന്നാല്‍ കോടതി ഇടപെടലിനെതിരെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രതികരണം ധിക്കാരപരമായിരുന്നു. ആളുകള്‍ക്ക് വാഹനങ്ങളില്‍ തന്നെ യാത്ര ചെയ്യണമെന്നുണ്ടോ, നടന്നു പോയാല്‍ പോരേ, മലയില്‍ പോയി വേണോ ഞങ്ങള്‍ സമ്മേളനങ്ങളും സമരവും നടത്താന്‍ തുടങ്ങി മാന്യതക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഈ ധിക്കാരപരമായ നടപടിയായിരിക്കണം കോടതിയെ ചൊടിപ്പിച്ചതും നിലപാട് കടുപ്പിക്കാന്‍ ഇടയാക്കിയതും.
പൊതുനിരത്തുകളിലെ സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന മൗലികാവകാശമാണ്. 2021 ഒക്ടോബറില്‍ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലെ റോഡുകള്‍ ഉപരോധിച്ച് സമരം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇക്കാര്യം ഊന്നിപ്പറഞ്ഞു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ നിങ്ങള്‍ക്കെന്തവകാശമെന്നാണ് സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചത്. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍ക്ക് അവകാശമുണ്ടെങ്കിലും അതിനായി റോഡുകള്‍ ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതിയുടെ ഇടപെടല്‍ വരുന്നത് വരെ കാത്തിരിക്കരുതെന്നും ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഉത്തരവ് നല്‍കി.
നഗരങ്ങളിലെ പ്രമുഖ റോഡുകളില്‍ ജാഥകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും കടിഞ്ഞാണിടണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കിയിട്ടുണ്ട്.
2023 ജൂണ്‍ 23ന് അന്തര്‍ദേശീയ ഒളിമ്പിക് ദിനത്തില്‍ നടന്ന കൂട്ടയോട്ടത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കവടിയാര്‍ വെള്ളയമ്പലം റോഡില്‍ അനുഭവപ്പെട്ട ഗതാഗത തടസ്സത്തിനെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കമ്മീഷന്റെ ഇടപെടല്‍. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത വിധം ഗതാഗത ക്രമീകരണം നടത്തി വേണം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥിന്റെ ഉത്തരവില്‍ പറയുന്നു.
എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും റോഡുകളില്‍ പൊതുയോഗങ്ങളും ജാഥകളും സമരങ്ങളും നടത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് പതിവു സംഭവമാണ്. ഒരു പാര്‍ട്ടിയും ഇതിനപവാദമല്ല. സി പി ഐയുടെ ഒരു പോഷക സംഘടന, സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരത്തിന് പന്തല്‍ കെട്ടിയത് സി പി എം ഏരിയാ സമ്മേളനത്തിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു. മണിക്കൂറുകളോളമാണ് ഇത്തരം പരിപാടികളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഗുരുതര രോഗികളെയുമായി ആശുപത്രികളിലേക്ക് കുതിക്കുന്ന വാഹനങ്ങളും സമയത്ത് ഓഫീസുകളിലെത്താന്‍ യാത്ര ചെയ്യുന്ന ജീവനക്കാരും റോഡുകള്‍ കൈയേറിയുള്ള പരിപാടികള്‍ മൂലം കടുത്ത പ്രയാസമനുഭവിക്കുന്നു.
പാര്‍ട്ടി നേതൃത്വം ശ്രദ്ധിച്ചാല്‍ ഗതാഗത തടസ്സം സൃഷിക്കാതെ നിരത്തുകളില്‍ ജാഥകളും പാതയോരങ്ങളില്‍ യോഗങ്ങളും സംഘടിപ്പിക്കാനാകില്ലേ? ചില മത സംഘടനകള്‍ ഗതാഗതത്തിനും ജനസഞ്ചാരത്തിനും തീരെ പ്രയാസം സൃഷ്ടിക്കാതെ പ്രതിഷേധ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്ന അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ.