Connect with us

World Press Freedom Day

കൈ വിട്ടുപോയ മാധ്യമ സ്വാതന്ത്ര്യം

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം

Published

|

Last Updated

 

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം. അധികമെവിടെയും ആഘോഷമോ അനുസ്മരണമോ ഇല്ലാതെ കടന്നുപോകുന്ന ഒരു സാധാരണ ദിനം.

വന്‍കിട മാധ്യമങ്ങള്‍ക്ക് ഈ ദിനം ഓര്‍ക്കാന്‍ തന്നെ ഭയമാണ്. കാരണം ഒന്നേയുള്ളൂ. പത്രസ്വാതന്ത്ര്യം എന്നാല്‍ പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമാണ്. കോര്‍പറേറ്റുകളും മൂലധന ശക്തികളും നിയന്ത്രിക്കുന്ന മാധ്യമങ്ങളില്‍ പത്ര പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം എന്നത് വലിയ തമാശയായതിനാല്‍ എല്ലാവരും ഈ ദിനം സൗകര്യപൂര്‍വം മറക്കുന്നു.

അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നു: മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ഒരു ചാലകമായി ആവിഷ്‌കാര സ്വാതന്ത്ര്യം ( Shaping a Future of Rights: Freedom of Expression as a Driver for All Other Human Rights ) എന്നതാണ് 2023ലെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ വിഷയം.

അവകാശങ്ങളുടെ ഭാവിയും ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് ഈ ദിനം കടന്നെത്തുന്നത്. ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യാജം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത്യന്തം ഗൗരവതരമായ സാഹചര്യത്തിലാണ് ലോക പത്രസ്വാതന്ത്ര്യ ദിനം ചര്‍ച്ചയാവുന്നത്.

ജനാധിപത്യത്തിന്റെ നാലാം സ്തംഭമെന്നാണ് മാധ്യമപ്രവര്‍ത്തനം വിശേഷിപ്പിക്കപ്പെടുന്നത്. സത്യം കണ്ടെത്താനായി മാധ്യമപ്രവര്‍ത്തകര്‍ ജീവന്‍ പോലും പണയപ്പെടുത്തുന്നു. അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മെയ് മൂന്നു ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശത്തെ ആഘോഷിക്കാനും പത്രപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ അംഗീകരിക്കാനുമാണ് ഈ ദിനം. പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആഘോഷിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്താനും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും തൊഴിലിന്റെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകരെ അനുസ്മരിക്കാനുമുള്ള അവസരമായാണ് ഐക്യരാഷ്ട്രസഭ ഈ ദിനത്തെ കാണുന്നത്.

മനുഷ്യാവകാശത്തെ സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് പത്ര സ്വാതന്ത്ര്യം. പത്രത്തിന്റെ കണ്ണില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാനാവില്ലെന്ന വലിയ വിശ്വാസം.
മനുഷ്യത്വം വെല്ലുവിളിക്കപ്പെടുന്ന എല്ലാ ഇടങ്ങളിലും നിലവിളികള്‍ക്ക് കാതോര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. വാര്‍ത്തകള്‍ക്കു പിന്നാലെ സഞ്ചരിച്ച് ഓരോ വര്‍ഷവും ലോകത്ത് കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം ഭീതിതമാണ്.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണുകടന്നുപോവുന്നന്ന സാഹചര്യത്തിലാണു മറ്റൊരു പത്രസ്വാതന്ത്ര്യ ദിനം കടന്നെത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ ആശങ്കയുടേതായിരുന്നു. ലോക പത്രസ്വാതന്ത്ര്യ ഇന്‍ഡക്‌സ് പ്രകാരം 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 2023 ല്‍ 161 ആയിരിക്കുന്നു. 2010 ല്‍ 122 ാം സ്ഥാനത്തുനിന്നാണ് ഈ അഗാധമായ പതനം എന്നത് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം എങ്ങോട്ടാണു സഞ്ചരിക്കുന്നത് എന്നു വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 150 ആയിരുന്നു. അപ്പോള്‍ 157 ാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാന്‍ നിലമെച്ചപ്പെടുത്തി 150 ല്‍ എത്തി. കഴിഞ്ഞ വര്‍ഷം 145 ാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കയും 135 ലേക്ക് ഉയര്‍ന്നു. നോര്‍വേ, അയര്‍ലന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ തുടര്‍ന്നു.

മൂലധന ശക്തികള്‍ മാധ്യമങ്ങളെ കൈയ്യടക്കിയതോടെ സത്യത്തിനും വസ്തുതകള്‍ക്കും വിലയില്ലാതായി. വിദ്വേഷവും ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങള്‍ പോകുന്നു. ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ട ഘട്ടത്തില്‍ മൗനം പാലിക്കുന്നു.

ലോകത്തിലെ മൂന്നാമത്തെ അതിസമ്പന്നനായി, ഇമവെട്ടുന്ന വേഗത്തില്‍ വളര്‍ന്ന ഗൗതം അദാനി എന്‍ ഡി ടി വി കൈവശപ്പെടുത്തി. അവിടെനിന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുപോയി.
ലോകത്തിലെ എട്ടാമത്തെ അതിസമ്പന്നന്‍ മുകേഷ് അമ്പാനി നെറ്റ് വര്‍ക്ക് 18 മീഡിയ നേരത്തെ കൈവശപ്പെടുത്തി. കമ്പനിയുടെ മുന്‍ നിര ചാനലായ സി എന്‍ എന്‍-ഐ ബി എന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന രാജ്ദീപ് സര്‍ദേശായി രാജിവച്ചതും മറക്കാറായിട്ടില്ല.

കേരളത്തില്‍ ജനാഭിപ്രായത്തെ സ്വാധീനിക്കുന്ന മുന്‍ നിര വാര്‍ത്താ ചാനല്‍ അധികാരവുമായി ബന്ധമുള്ള സമ്പന്നരുടെ കൈവശമാണുള്ളത്. കോര്‍പറേറ്റുകളും രാഷ്ട്രീയവും മാധ്യവും ഒരു കൂട്ടുകെട്ടായി മാറുന്ന അവസ്ഥ. ഓരോ സംസ്ഥാനത്തും പ്രമുഖ മാധ്യമങ്ങള്‍ ഉങ്ങനെ കൈയ്യടക്കിയിണ്ടുണ്ടെന്നാണു കണക്ക്.

ഇത്തരത്തില്‍ ഭരണകൂടത്തിന്റെ ചങ്ങാതിമാരായ മൂലധന ശക്തികള്‍ പ്രധാന മാധ്യമങ്ങള്‍ കൈവശപ്പെടുത്തുന്നത് ഇന്ത്യയിലെ മാത്രം പ്രശ്നമല്ല. ന്യൂയോര്‍ക് ടൈംസ്, വാള്‍ട്രീറ്റ് ജേണല്‍, വാഷിങ്ങ് ടണ്‍ പോസ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം 15 ശതകോടീശ്വരന്മാരുടെ കൈവശമാണ്.

നല്ല പത്ര പ്രവര്‍ത്തനത്തിനു പണം ആവശ്യമാണ്. അതിപ്രധാനമായ പത്രസ്വാതന്ത്ര്യം ഇതിനായി വിറ്റുപോകുന്നു. വില്‍ക്കാന്‍ കഴിയുന്ന വാര്‍ത്തകള്‍ക്കു മാത്രം പ്രാധാന്യമുണ്ടാവുന്നു.

വസ്തുത പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്ന, താഴിട്ടു പൂട്ടിയ പെണ്‍മക്കളുടെ ഖബറുകളെകുറിച്ചുള്ള വാര്‍ത്ത ഇത്തരത്തിലൊന്നു മാത്രം. ഇസ്്ലാമിനെ അപമാനിക്കാന്‍ വാര്‍ത്തെടുത്ത കള്ളക്കഥ അതിവേഗം വാര്‍ത്തകളായി അവതരിച്ചു. മാപ്പുപറഞ്ഞാല്‍ തീരുന്നതല്ല അതു സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം.

വസ്തുത അന്വേഷിച്ചു പോകാന്‍ ശേഷിയില്ലാത്ത മനുഷ്യര്‍ മാധ്യമങ്ങള്‍ ഇങ്ങനെ രാപകലില്ലാതെ വിളമ്പുന്നതു മാത്രം ഭക്ഷിക്കേണ്ടിവരുന്നു.

വ്യാജ വാര്‍ത്തകളുടെ സത്യം പുറത്തുകൊണ്ടുവരുന്നില്‍ ജാഗ്രത പുലര്‍ത്തുന്ന ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഭരണകൂടത്തിന്റെയും വ്യാജ വാര്‍ത്താ കേന്ദ്രങ്ങളുടെയും കണ്ണിലെ കരടാണ്. എത്രയോ പീഡനങ്ങളും ഭീഷണിയും ഏറ്റുവാങ്ങിയാണ് അവര്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

രാജ്യത്തിന്റെ പൊതുസ്വത്തും സത്യസന്ധമായ വാര്‍ത്തയുടെ ഉറവിടമെന്നും കരുതിയ ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയുടെ നടത്തിപ്പിനു നേതൃത്വം നല്‍കുന്ന പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ആര്‍ എസ് എസ് പിന്തുണയുള്ള ഹിന്ദുസ്ഥാന്‍ സമാചാറുമായി കൈകോര്‍ത്തത് അടുത്തയിടെയാണ്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്തയുമായുള്ള കരാര്‍ റദ്ദാക്കിയാണ് ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടത്. 7.7 കോടി രൂപക്കാണ് രണ്ടുവര്‍ഷത്തെ കരാര്‍.

യു എന്‍ ഐ, പി ടി ഐ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിതന്നെ പ്രസാര്‍ഭാരതിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചിരുന്നു. 2014 ല്‍ അധികാരത്തില്‍ വന്നതു മുതല്‍ പി ടി ഐയുടെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തോട് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആര്‍ എസ് എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹ സ്ഥാപകനുമായിരുന്ന ശിവ്റാം ശങ്കര്‍ ആപ്തെയാണ് 1948 ല്‍ ഹിന്ദുസ്ഥാന്‍ സമാചാറിന് തുടക്കമിട്ടത്.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ഭരണകൂടവും അവരുടെ താല്‍പര്യം സംരക്ഷിക്കുന്ന കോര്‍പറേറ്റുകളും വര്‍ഗീയ വിഷം വമിപ്പിക്കുന്ന രാഷ്ട്രീയ കേന്ദ്രങ്ങളും കൈയ്യടക്കിയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന കാലത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കപ്പുറമുള്ള ഏതെങ്കിലും വാര്‍ത്തകള്‍ വെളിച്ചം കാണുമോ…ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest