Connect with us

Kerala

ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ

സ്വാതന്ത്ര്യസമരചരിത്രവും തദ്ദേശീയ സാംസ്‌കാരികപൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് 'ഫ്രീഡം വാൾ' പദ്ധതി.

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടാനൊരുങ്ങുകയാണ് നമ്മുടെ കലാലയങ്ങൾ. ചരിത്രസ്മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുന്ന ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു.

സ്വാതന്ത്ര്യസമരചരിത്രവും തദ്ദേശീയ സാംസ്‌കാരികപൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ പദ്ധതി. പ്രധാനമായും വിദ്യാർഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്.

സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെയുള്ള 64 കലാലയങ്ങളിൽ വിദ്യാർഥികൾ വിരലുകൾ കൊണ്ട് ഇന്ത്യാചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കലാലയത്തിന്റെ പ്രധാന കവാടം, കോളേജിന്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരൻമാരുടെ മുദ്ര പതിയാൻ പോവുകയാണ്.

തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിൽ ഒരുങ്ങുന്നത് ഇവയിൽ ഏറ്റവും വലിയ ചുമർചിത്രമാണ്. 20,000 അടിയോളം വിസ്തൃതിയിലാണിത്. സ്വാതന്ത്ര്യമഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തുതന്നെ ഒരുങ്ങുന്ന ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമാകും ഈ ചുമർചിത്രാഖ്യാനം.

കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് ‘ഫ്രീഡം വാൾ’ സംഘാടനം. ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയരും.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങുന്ന പദ്ധതിക്കാണ് മന്ത്രി ഡോ. ആർ ബിന്ദു തുടക്കമിട്ടത്.

Latest