Kerala
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും; തിര.കമ്മിഷന്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മുസ്ലിം ലീഗ്
ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും
കോഴിക്കോട് | കേരളത്തില്‍ ലോക്‌സഭാ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്. ഏപ്രില്‍ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ഇസ്ലാം മത വിശ്വാസികള്‍ വെള്ളിയാഴ്ച പള്ളികളില്‍ ജുമ നിസ്‌കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് ഇത് പ്രയാസകരമായി മാറുമെന്നു പിഎംഎ സലാം പറഞ്ഞു
കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. കമ്മീഷന്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.