Connect with us

Kerala

വെള്ളിയാഴച രാവും റമളാന്‍ 27-ാം രാവും ഒരുമിച്ചെത്തി; വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ സംഗമിച്ചു

ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ഥനാ നഗരിയാണ് സ്വലാത്ത്നഗര്‍

Published

|

Last Updated

മലപ്പുറം | റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ഥനാ നഗരിയാണ് സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണിത്. വെള്ളിയാഴ്ച രാവും 27-ാം രാവും ഒരുമിച്ചെത്തിയത് വിശ്വാസികള്‍ക്ക് ഏറെ ആത്മസംതൃപ്തിയേകി. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതല്‍ തന്നെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു.

ഉച്ചക്ക് 1 മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി.വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം പേര്‍ സംബന്ധിച്ച മെഗാ ഇഫ്ത്വാര്‍ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. രാത്രി 9 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉദ്ബോധനം നടത്തി. മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅദിന്‍ അക്കാദമി പൂര്‍ണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ 5,555 അംഗ വളണ്ടിയര്‍ കോറും പ്രവര്‍ത്തിച്ചു.

അടിയന്തിരാവശ്യങ്ങള്‍ക്കായൊരുക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ എന്നിവ വിശ്വാസികള്‍ക്കനുഗ്രഹമായി. പ്രാര്‍ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ മിംഹാറിന് കീഴില്‍ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കി.പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ നിമിത്തമായി. പ്രാര്‍ത്ഥനാ സംഗമത്തിനെത്തിയ ലക്ഷങ്ങള്‍ക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്‌കാരങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകള്‍ക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.സ്വലാത്ത്, തഹ്ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാര്‍ഥന എന്നിവ പരിപാടിയില്‍ നടന്നു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സി മുഹമ്മദ് ഫൈസി , സമസ്ത സെക്രട്ടറി കെ കെ അഹ്മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ചാലിയം എ പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മഅ്ദിന്‍ അക്കാദമി ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ ലഹരിക്കെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുത്തു.

കാമ്പയിനിന്റെ ഭാഗമായി മഅദിന്‍ ഡീ അഡിക്ഷന്‍ സെന്ററായ മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍് ഹെല്‍ത്ത് ആന്റ് റിഹാബിലിറ്റേഷന്റെ (മിംഹാര്‍) നേതൃത്വത്തില്‍ ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ബോധവത്കരണ ക്ലാസ്സ്, പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറല്‍, ലഹരിമുക്ത നാട് പദ്ധതി, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് സൗജന്യ ഹെല്‍പ് ലൈനും കൗണ്‍സലിംഗും, 1000 കിലോമീറ്റര്‍ ബോധവത്കരണ യാത്ര തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മക്കളെ കണ്ടെത്താം എന്ന ശീര്‍ഷകത്തില്‍ രക്ഷിതാക്കള്‍ക്കായി വിപുലമായ രീതിയില്‍ വെബിനാര്‍ സംഘടിപ്പിക്കും.