Connect with us

Malappuram

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജുമുഅ ഖുത്വുബ; ആത്മ നിര്‍വൃതിയില്‍ ഹാഫിള് ശബീര്‍ അലി

Published

|

Last Updated

മലപ്പുറം | റമസാനിലെ ആദ്യ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഖുത്വുബ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് കാഴ്ചാപരിമിതിനായ ഹാഫിള് മുഹമ്മദ് ശബീര്‍. വെള്ളിയാഴ്ചകളിലെ ഖുത്വുബ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ നേതൃത്വത്തില്‍ നടക്കുന്നത് ഇതാദ്യമാണ്. ആയിരങ്ങളാണ് ജുമുഅക്കെത്തിയിരുന്നത്. പള്ളിക്കകത്ത് ഉള്‍ക്കൊള്ളാനാവാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു.

അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിന്റെ വശ്യമനോഹരമായ ഖുത്വുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. ഹാഫിള് ശബീറലിയുടെ ഖുത്വുബ ശ്രവിക്കാന്‍ ഭിന്നശേഷി സുഹൃത്തുക്കളുമെത്തിയിരുന്നു.
ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ശബീറലി ഖുത്വുബ നിര്‍വഹിച്ചത്. സയ്യിദ് ബുഖാരിയും മഅ്ദിന്‍ കുടുംബാംഗങ്ങളും നല്‍കിയ പൂര്‍ണ പിന്തുണയും ഊര്‍ജവുമാണ് ഈയൊരു അസുലഭ മുഹൂര്‍ത്തത്തിന് കാര്‍മികത്വം വഹിക്കാന്‍ നിമിത്തമായതെന്ന് ശബീറലി പറയുന്നു.

റമസാനിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭിന്നശേഷി മേഖലക്ക് ഇത്തരം ഒരു അവസരം നല്‍കിയ ഖലീല്‍ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈയൊരു പരിഗണന ഭിന്നശേഷിക്കാര്‍ക്കാകമാനം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് (കെ എഫ് ബി) അധ്യാപക ഫോറം പ്രസിഡന്റ് സുധീര്‍ മാസ്റ്റര്‍ കൊല്ലം പറഞ്ഞു. പരിമിതികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനുള്ള പ്രചോദനമാണ് ഹാഫിള് ശബീര്‍ അലി നല്‍കുന്നതെന്നും ഭിന്നശേഷി മേഖലയില്‍ ഒരു പുനര്‍വിചിന്തനത്തിന് അവസരമൊരുക്കുമെന്നും ഏബ്ള്‍ വേള്‍ഡ് സി ഒ ഒ. മുഹമ്മദ് ഹസ്രത്ത് വയനാട് പറഞ്ഞു. മഅ്ദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി പത്താം ക്ലാസില്‍ ഒമ്പത് എ പ്ലസ് കരസ്ഥമാക്കിയാണ് എസ് എസ് എല്‍ സി പാസായത്. പ്ലസ് ടുവില്‍ 75 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. തുടര്‍ന്ന് മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്.

കഴിഞ്ഞ എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരുന്നു. സ്‌കൂള്‍ യുവജനോത്സവില്‍ ഉര്‍ദു സംഘഗാനത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.