Connect with us

Kerala

അനുരാഗ് ഠാക്കൂറുമായി സൗഹൃദം: വിമർശനത്തെ മാനിക്കുന്നതായി സ്പീക്കർ

ദൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം പുതുക്കിയ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സ്പീക്കർ എം ബി രാജേഷ്. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്.  ദൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. അതേസമയം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട വിമർശനവുമുണ്ടായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും. പോസ്റ്റ് പൂർണരൂപത്തിൽ:

സൗഹൃദങ്ങളുടെ രാഷ്ട്രീയം

——————————
വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ?ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ല.
എല്ലാവർക്കുമെന്ന പോലെ എനിക്കും കക്ഷി – ജാതി-മത-ലിംഗ ഭേദങ്ങൾക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാർലമെന്റിൽ പ്രവർത്തിച്ച കാലത്ത് കൂടുതൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരിൽ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുൽ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചു ദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതു ചടങ്ങിൽ പറഞ്ഞത് വാർത്തയായിരുന്നല്ലോ.
ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.എൻ്റെ ആ നല്ല വാക്കുകൾ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തവരെ പ്രകോപിപ്പിച്ചു. അവർ എനിക്കെതിരെയും അതിൻ്റെ പേരിൽ കടന്നാക്രമണം നടത്തി. ഞാൻ അത് അവഗണിച്ചിട്ടേയുള്ളൂ എതിർ പക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുന്ന വിധമുള്ള പരാമർശങ്ങൾ ഞാൻ ഒരിക്കലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി മുതൽ ബഹു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരെക്കുറിച്ചും വ്യക്തിപരമായി നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ.എന്നാൽ രാഷ്ട്രീയമായി ശക്തമായി വിമർശിക്കേണ്ടി വന്നപ്പോളൊന്നും അതിൽ ഒരിളവും കാണിച്ചിട്ടുമില്ല.
ഒരാഴ്ച മുമ്പ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും. രാഹുൽ ഗാന്ധി പാർലമെൻ്റിൽ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്റെ പേരിൽ എന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്.അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങൾ.ഇഛാഭംഗത്തിൻ്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയതു മറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.
എന്നാൽ മറ്റു ചിലർ ഉയർത്തിയ വിമർശനം അങ്ങനെയല്ല. ദൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണ്ണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്കു മുകളിലല്ല എന്നതാണ് എന്റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്.