National
സിബിഐ മേധാവി മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണർ വരെ; നിയമനങ്ങളിൽ ഇനി രാഹുലും ഇടപെടും
രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു
ന്യൂഡൽഹി | ലോക്സഭാ പ്രതിപക്ഷ നേതാവായി കോൺഗ്രസ് എം പി രാഹുൽ ഗാന്ധി ചുമതലയേറ്റു. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷത്തിന് വേണ്ടത്ര അംഗങ്ങൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് രാഹുൽ ചുമതലയേറ്റത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ, സിബിഐ ഡയറക്ടർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ, ചീഫ് വിജിലൻസ് കമ്മീഷണർ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ നിയമന നടപടികളിൽ ഇനി രാഹുൽ ഗാന്ധിയും പങ്കെടുക്കും.
പബ്ലിക് അക്കൗണ്ട്‌സ്, പബ്ലിക് അണ്ടർടേക്കിംഗുകൾ, എസ്റ്റിമേറ്റ്‌സ്, നിരവധി ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റികൾ തുടങ്ങി നിർണായക സമിതികളിൽ അദ്ദേഹം അംഗമായിരിക്കും. ഈ നിയമനങ്ങളിൽ ഭൂരിഭാഗത്തിൻ്റെയും സെലക്ഷൻ പാനലിൽ, പ്രധാനമന്ത്രിയും ഒരു കേന്ദ്രമന്ത്രിയും ഉൾപ്പെടുന്നതിനാൽ സർക്കാരിന് 2-1 മേൽക്കോയ്മ ഉണ്ട്. എങ്കിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന്റെ അഭിപ്രായം കൂടി കേൾക്കേണ്ടിവരും.
54 കാരനായ രാഹുൽ, ഗാന്ധി കുടുംബത്തിൽ പ്രതിപക്ഷ നേതാവാകുന്ന മൂന്നാമത്തെ അംഗമാണ്. വി പി സിംഗ് സർക്കാർ അധികാരത്തിലിരുന്ന 1989-90 കാലത്ത് അദ്ദേഹത്തിൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നു. അടൽ ബിഹാരി വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്ന 1999-2004 കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ അമ്മയും മുൻ യുപിഎ ചെയർപേഴ്‌സണുമായ സോണിയ ഗാന്ധി ഈ സ്ഥാനം വഹിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ, കാബിനറ്റ് മന്ത്രിയുടെ പദവിയും പാർലമെൻ്റ് മന്ദിരത്തിൽ ഒരു ഓഫീസും സ്റ്റാഫും രാഹുൽ ഗാന്ധിക്ക് ലഭിക്കും. 1977ലെ പാർലമെൻ്റിലെ പ്രതിപക്ഷ നേതാക്കളുടെ ശമ്പളവും അലവൻസുകളും നിയമപ്രകാരം അംഗീകരിക്കപ്പെട്ട ഒരു നിയമപരമായ പദവിയാണ് പ്രതിപക്ഷ നേതാവ്. പാർട്ടിയെ നയിക്കുന്ന ലോക്‌സഭാ അല്ലെങ്കിൽ രാജ്യസഭയിലെ അംഗം എന്നാണ് ഈ നിയമം പ്രതിപക്ഷ നേതാവിനെ നിർവചിക്കുന്നത്.
ലോക്സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിലെ ആദ്യ ദിനം തന്നെ രാഹുൽ ഗാന്ധി ഏറെ ശ്രദ്ധിക്കപ്പെട്ടു. സാധാരണ കാണുന്ന വെള്ള ടീ-ഷർട്ട്-പാന്റ് ലുക്ക് ഒഴിവാക്കി വെളുത്ത കുർത്ത-പൈജാമ കോംബോയിലാണ് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷവും ട്രഷറി ബെഞ്ചുകളും തമ്മിലുള്ള അപൂർവ നിമിഷത്തിൽ, രാഹുൽ ഗാന്ധി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയുടെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനവും നൽകി. ഇരു നേതാക്കളും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവും ചേർന്നാണ് സ്പീക്കറെ അദ്ദേഹത്തിൻ്റെ ഡയസിലേക്ക് ആനയിച്ചത്.
ഓം ബിർളയെ അഭിനന്ദിച്ച് സഭയെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ലോക്‌സഭാ സ്പീക്കറാണ് ജനങ്ങളുടെ ശബ്ദത്തിൻ്റെ അന്തിമ വിധികർത്താവെന്ന് പറഞ്ഞ രാഹുൽ, കഴിഞ്ഞ തവണത്തേക്കാൾ പ്രതിപക്ഷം ഇത്തവണ ആ ശബ്ദത്തെ പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
“നിങ്ങളുടെ ജോലി ചെയ്യുന്നതിൽ പ്രതിപക്ഷം നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. സഭ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ സഹകരണം സംഭവിക്കുന്നത് വളരെ പ്രധാനമാണ്. പ്രതിപക്ഷത്തിൻ്റെ ശബ്ദത്തെ പ്രതിനിധീകരിക്കാൻ അനുവദിക്കുന്നരും വളരെ പ്രധാനമാണ്” – രാഹുൽ പറഞ്ഞു.
“സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതല്ല ചോദ്യം, മറിച്ച് ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേൾക്കാൻ അനുവദിക്കുന്നു എന്നതാണ് ചോദ്യം. അതിനാൽ പ്രതിപക്ഷത്തിൻ്റെ ശബ്ദം നിശബ്ദമാക്കി നിങ്ങൾക്ക് സഭ കാര്യക്ഷമമായി നടത്താം എന്ന ആശയം ജനാധിപത്യവിരുദ്ധമായ ആശയമാണെന്നും രാഹുൽ പറഞ്ഞു.