Connect with us

Uae

പതാക ദിനം മുതൽ യു എ ഇ ദേശീയ ദിനം വരെ;  ദുബൈയിൽ ഒരു മാസത്തെ ആഘോഷങ്ങൾ പ്രഖ്യാപിച്ചു

വതനി അൽ ഇമാറാത്തുമായി സഹകരിച്ച് ഡിസംബർ രണ്ടിന് സിറ്റി വാക്കിൽ "യൂണിയൻ ഡേ പരേഡ്' നടക്കും

Published

|

Last Updated

ദുബൈ | യു എ ഇയിലെ പ്രധാന ദേശീയാചരണങ്ങൾ ആഘോഷിക്കുന്നതിന് പുതിയ ക്യാമ്പയിൻ ആരംഭിച്ചു. 16 സർക്കാർ, അർധ സർക്കാർ, സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ക്യാമ്പയിൻ യു എ ഇ പതാകദിനത്തോടും 53-ാമത് യു എ ഇ ദേശീയദിന ആഘോഷങ്ങളോടും അനുബന്ധിച്ചാണ് നടക്കുക. നവംബർ മൂന്നിന് ആരംഭിക്കുന്ന ക്യാമ്പയിൻ ഡിസംബർ മൂന്ന് വരെ നീളും.

യു എ ഇയുടെ സ്ഥാപക പിതാക്കൻമാരായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂം എന്നിവരെ ആദരിക്കുന്നതിനാണ് ക്യാമ്പയിൻ ആരംഭിച്ചതെന്ന് ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.

സമൂഹത്തിന് അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്ന ഇവന്റുകൾ നഗരത്തിന്റെ ചരിത്ര നേട്ടങ്ങളും സാംസ്‌കാരിക വൈവിധ്യവും പ്രദർശിപ്പിക്കുകയും സന്ദർശകർക്ക് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിലേക്ക് അതുല്യമായ കാഴ്ച്ച പ്രദാനം ചെയ്യുന്നതുമാവും.

ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ, ജെ ബി ആർ ബീച്ച്, അൽ സീഫ്, ഹത്ത, ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ വെടിക്കെട്ടുകൾ നടക്കും. പരമ്പരാഗത നാടോടി നൃത്തങ്ങൾ, സംഗീത പരിപാടികൾ എന്നിവയും നടക്കും. ഗ്ലോബൽ വില്ലേജിൽ ദിവസവും വെടിക്കെട്ടുകളുണ്ടാവും.
ബീച്ച് കാന്റീൻ, റൈപ്പ് മാർക്കറ്റ്, വിന്റർ വണ്ടർലാൻഡ് എന്നിവയുൾപ്പെടെ നിരവധി സീസണൽ മാർക്കറ്റുകളും ഒരുക്കും. ഇമാറാത്തി സാംസ്‌കാരിക പ്രവർത്തനങ്ങൾ, പ്രാദേശിക ഭക്ഷണം, റീട്ടെയിൽ അനുഭവങ്ങൾ എന്നിവ ഒരുക്കും.

വതനി അൽ ഇമാറാത്തുമായി സഹകരിച്ച് ഡിസംബർ രണ്ടിന് സിറ്റി വാക്കിൽ “യൂണിയൻ ഡേ പരേഡ്’ നടക്കും. വർണാഭമായ പരേഡ് ഇമാറാത്തി സംസ്‌കാരത്തെ ഉയർത്തിക്കാട്ടുകയും കാർണിവൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

ദുബൈ കൾച്ചർ ഹത്ത ഹെറിറ്റേജ് വില്ലേജ് പോലുള്ള പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. അൽ ഫഹീദി ഹിസ്റ്റോറിക്കൽ അയൽപക്കത്തിൽ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും പര്യവേക്ഷണം ചെയ്യാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുക.

യു എ ഇയിലെ ഏറ്റവും വലിയ ഓപ്പൺ എയർ ഹെറിറ്റേജ് മ്യൂസിയമായ അൽ ശിന്ദഗ മ്യൂസിയത്തിൽ, ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ സാംസ്‌കാരിക അനുഭവം ഒരുക്കും. പഴയ ദുബൈയിലെ ജീവിതത്തിന്റെ വശങ്ങൾ പ്രദർശിപ്പിക്കുന്ന സംവേദനാത്മക പ്രകടനങ്ങളിലൂടെ യു എ ഇയുടെ വികസനയാത്രയെ ഉയർത്തിക്കാട്ടുന്ന പരിപാടികൾ ഉൾപ്പെടുത്തും.

ഇത്തിഹാദ് മ്യൂസിയം യൂണിയന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കും. ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി “യൂണിയൻ സിംഫണി’ എന്ന സംഗീത കച്ചേരി എക്സ്പോ സിറ്റിയിൽ സംഘടിപ്പിക്കും. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന ഇമാറാത്തി ഹാർവെസ്റ്റ് മാർക്കറ്റ് അൽ വാസൽ പ്ലാസയിൽ ഒരുക്കും.

ദുബൈ മുനിസിപ്പാലിറ്റി പ്രധാന പാർക്കുകൾ, ദുബൈ ഫ്രെയിം, സഫാരി പാർക്ക്, ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് എന്നിവ ലൈറ്റുകളാൽ പ്രകാശിപ്പിക്കും. ദുബൈ എയർപോർട്ടുകളിൽ സന്ദർശകരെ പരമ്പരാഗത ദേശീയ ഗാനങ്ങളോടെ സ്വാഗതം ചെയ്യും.

Latest