From the print
കശ്മീരിൽ നിന്ന് അനന്തപുരിയിലേക്ക്
ഭക്ഷണപ്പന്തലിൽ മാത്രമല്ല, ഉറുദു വേദിയിലെ തിളങ്ങും താരങ്ങളാണ് ഈ കശ്മീർ സംഘം.
തിരുവനന്തപുരം | കശ്മീർ, പുഞ്ചിലാണ് ഞങ്ങൾ. രാജ്യത്തിന്റെ അതിർത്തി പ്രദേശം. യുദ്ധവും ഭീതിയും തളംകെട്ടിയ സ്ഥലം. വെടിയൊച്ചകൾ കേട്ടാണ് വളർന്നത്. മക്കൾ സ്വസ്ഥമായി കഴിയട്ടേയെന്ന് കരുതിയാണ് മാതാപിതാക്കൾ കേരളത്തിലേക്കയച്ചത്- പറഞ്ഞുനിർത്തുമ്പോൾ കശ്മീരുകാരനായ ബിലാൽ അഹ്്മദിന്റെ മുഖത്ത് ആത്മവിശ്വാസം.
കലോത്സവത്തിലെ ഭക്ഷണപ്പന്തലിൽ വെച്ചാണ് ബിലാലിനെ പരിചയപ്പെട്ടത്. ഇലയിൽ വിളമ്പിയ ഭക്ഷണത്തിനടുത്തിരുന്ന് അങ്ങ് കശ്മിരിലുള്ള ഉമ്മക്ക് വീഡിയോ കോൾ ചെയ്യുകയായിരുന്നു അവൻ. ചോറും സാമ്പാറും കിച്ചടിയും ഉപ്പേരിയും പായസവും കണ്ട് ആ ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
ഭക്ഷണപ്പന്തലിൽ മാത്രമല്ല, ഉറുദു വേദിയിലെ തിളങ്ങും താരങ്ങളാണ് ഈ കശ്മീർ സംഘം.കവിതാരചന, കഥാരചന, ഉറുദു പ്രസംഗം, പ്രബന്ധ രചന എന്നീ ഇനങ്ങളിലാണ് മത്സരം. മർകസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണിവർ. ബിലാലിന് പുറമെ, ഉമർ ശുഐബ്, മുഹമ്മദ് ജാനിദ്, സർഫറാസ് അഹ്്മദ്, മുഹമ്മദ് ഇശ്ഫാഖ്, മുഹമ്മദ് റിഹാൻ, ഫൈസാൻ റസ എന്നിവരും മികവ് പകരാൻ അനന്തപുരിയിലെത്തിയിട്ടുണ്ട്.
ഉമർ ശുഐബാണ് ഇന്നലെ മത്സരത്തിൽ പങ്കെടുത്തത്.ഉറുദു പ്രബന്ധ രചനയായിരുന്നു മത്സരം. രാജ്യ സ്‌നേഹത്തിന് ഉറുദു ഭാഷയുടെ പങ്ക് എന്നതായിരുന്നു വിഷയം. സാരേ ജഹാംസെ അച്ഛേ എന്ന് തുടങ്ങുന്ന വരികളിൽ ഈ വിഷയത്തെ സമ്പന്നമാക്കിയ സംതൃപ്തിയിലാണ് ശുഐബ്. അടുത്ത ദിവസങ്ങളിൽ ബാക്കി ആറ് പേരും സ്റ്റേജിലെത്തും. ഇതുപോലൊരു കലോത്സവം ഞങ്ങളുടെ നാട്ടിലില്ലല്ലോയെന്നതാണ് കശ്മീരുകാരുടെ പരിതപം.
ഇതിനിടക്ക് മർകസ് കശ്മീരി ഹോമിൽ നിന്ന് പഠനം പൂർത്തിയാക്കിയ നിരവധി പേർ ഇപ്പോൾ കശ്മീർ സർക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായിരിക്കെ മർകസുമായി ഒപ്പുവെച്ച കരാർ പ്രകാരമാണ് വിദ്യാർഥികൾ കശ്മീരിൽ നിന്ന് മർകസിലെത്തിത്തുടങ്ങിയത്. ഇപ്പോൾ എല്ലാ വർഷവും ചുരുങ്ങിയത് 30 പേരെങ്കിലും പഠനാവശ്യാർഥം ഇവിടെ എത്തുന്നുണ്ട്.