Connect with us

From the print

പ്ലസ്‌ വൺ സീറ്റ് മുതൽ ബാർ പണപ്പിരിവ് വരെ നിയമസഭയിൽ ചർച്ചയാകും

പ്രതിപക്ഷമെത്തുന്നത് ആത്മവിശ്വാസത്തോടെ; ആദ്യദിനം അടിയന്തര പ്രമേയ നോട്ടീസ് ഒഴിവാക്കണമെന്ന സ്പീക്കറുടെ ആവശ്യം തള്ളി

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ പ്രതിപക്ഷമെത്തുമ്പോൾ വിവാദ വിഷയങ്ങളിൽ ഇന്ന് ആരംഭിക്കുന്ന 15ാം നിയമസഭയുടെ 11ാം സമ്മേളനം പ്രക്ഷുബ്ധമാകും. പ്ലസ്‌ വൺ സീറ്റ് കുറവ് മുതൽ ബാർ ഉടമകളുടെ പണപ്പിരിവ് വരെ സഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമുകൾ പണപ്പിരിവ് നടത്തിയെന്ന ആരോപണം, എക്‌സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളാണ് സർക്കാറിനെതിരെ ഈ സഭാ സമ്മേളനത്തിൽ പ്രധാനമായും യു ഡി എഫ് പ്രയോഗിക്കാനിരിക്കുന്ന പ്രധാന ആയുധങ്ങൾ. അതേസമയം, ആദ്യദിനം ഗ്രൂപ്പ് ഫോട്ടോക്ക് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് ഒഴിവാക്കണമെന്ന സ്പീക്കറുടെ ഓഫീസ് മുന്നോട്ടുവെച്ച ആവശ്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല.

സമ്പൂർണ ബജറ്റ് പാസ്സാക്കാനായി ചേരുന്ന സഭാ സമ്മേളനത്തിന്റെ ആദ്യദിനം, ഗവർണർ തിരിച്ചയച്ച തദ്ദേശ വാർഡ് പുനർ വിഭജന ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.
നിലവിലെ സാഹചരത്തിൽ സഭക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കി സർക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. ബാർ ഉടമകളുടെ പണപ്പിരിവ് വിവാദത്തിൽ നാളെ യൂത്ത് കോൺഗ്രസ്സും മറ്റന്നാൾ യു ഡി എഫും നിയമസഭയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ എസ് ആർ ടി സിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയതും സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ പിഴവുകളടക്കം പ്രതിപക്ഷം ഉന്നയിക്കും.

ബാറുടമകളുടെ പണപ്പിരിവ് ആയിരിക്കും പ്രതിപക്ഷം ആദ്യം ഉന്നയിക്കുക. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിലും വിവാദം കത്തിച്ചുനിർത്താനാണ് ശ്രമിക്കുക. ഒപ്പം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാൻ എസ് എഫ് ഐ ഒ അന്വേഷണവും ഉന്നയിക്കും.

ജൂലൈ 25 വരെ നീളുന്ന സമ്മേളനത്തിൽ ഭരണ നേട്ടങ്ങൾ ഉയർത്തിയാകും സർക്കാർ പ്രതിരോധിക്കുക. രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷക്കാലം നടപ്പാക്കിയ പദ്ധതികളിലൂന്നുകയും ചെയ്യും. അതേസമയം, ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ സഭയിലെത്തും. 17 വരെ ഇരുവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം. 13 മുതൽ 15 വരെ ലോക കേരളസഭക്കും നിയമസഭ വേദിയാകും.