Kerala
എള്ള് ഹല്‍വ മുതല്‍ ജാതിക്കാത്തോട് ജെല്ലി വരെ
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഖനി തുറന്ന് കാര്‍ഷിക സര്‍വകലാശാല
ആലപ്പുഴ | അരിയില്‍ നിന്ന് റെഡി ടു ഈറ്റ് പാസ്ത ഉണ്ടാക്കാനറിയുമോ? പൈനാപ്പിളില്‍ നിന്ന് വിനാഗിരി ഉണ്ടാക്കുന്നതെങ്ങിനെയാണ്? ജാതിക്കാത്തോടില്‍ നിന്ന് ജെല്ലിയുണ്ടാക്കാനാവുമോ? എള്ള് ഹല്‍വ മുതല്‍ ജാതിക്കാത്തോട് ജെല്ലി വരെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അനന്തമായ സാധ്യതകള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച കരപ്പുറം കാര്‍ഷിക കാഴ്ചാ പ്രദര്‍ശനത്തിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ പവലിയന്‍.
വാഴ, നെല്ല്, ജാതിക്ക, കശുമാങ്ങ, കൊക്കോ, എള്ള്, റാഗി, ചക്ക, കൂണ്‍, മത്സ്യം, തേന്‍, തേങ്ങ, മാങ്ങ, പൈനാപ്പിള്‍ തുടങ്ങി നമുക്ക് ചുറ്റുവട്ടത്തുള്ള ഒട്ടേറെ കാര്‍ഷിക വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കണ്ണാറ കാര്‍ഷിക സര്‍വകലാശാല വാഴ ഗവേഷണ കേന്ദ്രം, കോട്ടയം എസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രം, ഓണാട്ടുകര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നീ സ്ഥാപനങ്ങളാണ് കാര്‍ഷികസര്‍വകലാശാല ഒരുക്കിയ സ്റ്റാളില്‍ പങ്കാളികളായിട്ടുള്ളത്.
വാഴപ്പിണ്ടി, വാഴപ്പൂവ് അച്ചാര്‍ മുതല്‍ ബനാന ടോഫിയും ജാക്ക് ഫലൂദ മിക്സും മഷ്റൂം ടോഫിയും റാഗി അവലും കേരച്ചക്കരയും വരെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കാണാനും അവയുടെ നിര്‍മാണരീതികള്‍ മനസ്സിലാക്കാനും സൗകര്യമൊരുക്കുന്ന സ്റ്റാളില്‍ ഒട്ടേറെ സന്ദര്‍ശകരാണ് എത്തുന്നത്. പെട്ടിയും പറയും ചക്രവും പത്താഴവും പോലുള്ള പരമ്പരാഗത കാര്‍ഷികോപകരണങ്ങളുട മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വില്‍പ്പനയുമുണ്ട്.